അതിതീവ്ര മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കോട്ടയത്താണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും
ആലപ്പുഴയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ജലനിരപ്പ് ഉയരുന്നതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല
തൃശ്ശൂരിൽ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കാസർകോട് ജില്ലയിലും പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.