രാജസ്ഥാനിൽ കനത്ത മഴ: സുർവാൾ ഡാം കവിഞ്ഞൊഴുകി, നിരവധി ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം

രാജസ്ഥാനിൽ ശക്തമായ മഴയ്ക്ക് പിന്നാലെ സവായ് മധോപൂർ ജില്ലയിൽ വൻ ഗർത്തം രൂപപ്പെട്ടു. തുടർച്ചയായ മഴയെത്തുടർന്ന് സുർവാൾ അണക്കെട്ട് കവിഞ്ഞൊഴുകിയതാണ് ദുരിതത്തിന് കാരണം. നിരവധി ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. സുർവാൾ അണക്കെട്ട് കരകവിഞ്ഞ് ഭൂമിയുടെ വലിയൊരു ഭാഗം ഗർത്തമായി മാറി.
സുർവാൾ, ധനോലി, ഗോഗോർ, ജാദവത, ശേഷ, മച്ചിപുര എന്നിവയുൾപ്പെടെയുള്ള മുഴുവൻ ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലാണ്. പ്രദേശവാസികൾ കൂട്ടത്തോടെ പലായനം ചെയ്തു. ഗതാഗതയോഗ്യമല്ലാത്ത റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോയതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയാണ്.
കനത്ത മഴയും അതിനെത്തുടർന്നുണ്ടായ പ്രളയവും രാജസ്ഥാനിലെ അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിച്ചു. ജയ്പൂരിലെ പ്രധാന റോഡായ ജയ്പൂർ റോഡ് സർവീസ് ലെയ്ൻ പൂർണ്ണമായും വെള്ളത്തിനടിയിലായി. പലയിടത്തും ജലനിരപ്പ് രണ്ടടി വരെ ഉയർന്നത് നിരവധി റെസിഡൻഷ്യൽ കോളനികളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തി. റോഡുകൾക്ക് പുറമെ, വീടുകളിലും സർക്കാർ ഓഫീസുകളിലും വെള്ളം കയറിയത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി.