ആക്കുളത്തിറങ്ങിയാല്‍ ഇനി തൃശൂരില്‍ പൊങ്ങാം ; 235 കിലോമീറ്റര്‍ ജലയാത്ര ഇനി ഒരു സ്വപ്‌നമേയല്ല
തിരുവനന്തപുരം: കാലമേറെയായി കേട്ടുകൊണ്ടിരിക്കുന്ന കേരളത്തിന്റെ ഒരു സ്വപ്‌ന പദ്ധതിയാണ് സംസ്ഥാന ജലപാതയുടെ യാഥാര്‍ഥ്യമാവല്‍. എന്നാല്‍ അത് ഇനി കൈയെത്തും ദൂരത്തേക്കു വരികയാണ്. സംസ്ഥാനത്തിന്റെ തെക്കേയറ്റത്തെ ജില്ലയായ തിരുവനന്തപുരത്തെ ആക്കുളത്ത് തോര്‍ത്തുമുടുത്ത് ചാടിയാല്‍ വേണമെങ്കില്‍ അതൊരു മത്സരമായി ഏറ്റെടുത്ത് തൃശൂര്‍ ജില്ലയിലെ ചേറ്റവുയില്‍ കുളിച്ചു കയറാം.
സ്ഥാനത്തിന്റെ തെക്കേയറ്റത്തെ കോവളം മുതല്‍ വടക്കേയറ്റത്തെ കാസര്‍കോടുജില്ലയിലെ ബേക്കല്‍വരെ നീളുന്ന 616 കിലോമീറ്റര്‍ സംസ്ഥാന ജലപാതാ പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ പുരോഗമിക്കുകയാണ്. ഇതില്‍ ആദ്യം പണി പൂര്‍ത്തിയാവുന്ന 235 റീച്ചിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചേറ്റവവരെയുള്ള ഭാഗം ഡിസംബറോടെ കമ്മിഷന്‍ ചെയ്യാനാണ് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് തയാറെടുക്കുന്നത്.
2025 മാര്‍ച്ചില്‍ ബാക്കി ഭാഗവും പൂര്‍ത്തിയായേക്കുമെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും അത് എത്രമാത്രം യാഥാര്‍ഥ്യമാവുമെന്ന് പറയാന്‍ സാധിക്കാത്ത സ്ഥിതിയാണ്. തിരുവനന്തപുരത്തെ വര്‍ക്കലയില്‍ അഞ്ചുമീറ്റര്‍ വീതിയുള്ള കുന്നിനടിയിലൂടെ നിലവിലെ തുരങ്കം അതുപോലെ നിലനിര്‍ത്തിക്കൊണ്ടാണ് ഇവിടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. യാത്രാ ബോട്ടുകളും വിനോദസഞ്ചാര ബോട്ടുകളുമെല്ലാം ബ്രീട്ടീഷ് കാലഘട്ടത്തില്‍ പണിത ഈ തുരങ്കത്തിലൂടെ സുഗമമായി കടന്നുപോകും. എന്നാല്‍ വടക്കോട്ടുള്ള പണികള്‍ പലയിടത്തും അനിശ്ചിതത്വത്തിലാണെന്നത് പദ്ധതിക്ക് വെല്ലുവിളിയായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.