ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 462ന് പുറത്ത്; ന്യൂസിലാൻഡിന് 106 റൺസ് വിജയലക്ഷ്യം

ബംഗളൂരു ടെസ്റ്റിൽ ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 462 റൺസിന് പുറത്തായി. ന്യൂസിലാൻഡിന് 106 റൺസാണ് വിജയലക്ഷ്യം കുറിച്ചത്. ശക്തമായ നിലയിൽ നിന്നും ഇന്ത്യ തകരുകയായിരുന്നു. ഒരു സമയത്ത് 3ന് 408 എന്ന നിലയിൽ നിന്നാണ് ഇന്ത്യ 462ന് പുറത്തായത്. അവസാന ഏഴ് വിക്കറ്റുകൾ വെറും 54 റൺസിനിടെയാണ് വീണത്
3ന് 231 എന്ന നിലയിലാണ് നാലാം ദിനം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. സർഫറാസ് ഖാനും റിഷഭ് പന്തും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ 408 വരെ എത്തിച്ചു. ഇതോടെ ഇന്ത്യ വിജയം മണത്തു തുടങ്ങി. 150 റൺസെടുത്ത സർഫറാസ് പുറത്തായതോടെ ഇന്ത്യയുടെ തകർച്ചയും ആരംഭിച്ചു.
433ൽ നിൽക്കെ 99 റൺസെടുത്ത റിഷഭ് പന്ത് പുറത്തായി. പിന്നീട് വന്ന ഒരാൾക്കും പിടിച്ചു നിൽക്കാനായില്ല. കെഎൽ രാഹുൽ 12 റൺസിനും ജഡേജ 5 റൺസിനും അശ്വിൻ 15 റൺസിനും വീണു. കുൽദീപ് യാദവ് ആറ് റൺസെടുത്തു. മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും പൂജ്യത്തിന് പുറത്തായി
ന്യൂസിലാൻഡിന് വേണ്ടി മാറ്റ് ഹെന്റി, വില്യം ഓ റൂർക്ക് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. അജാസ് പട്ടേൽ രണ്ട് വിക്കറ്റെടുത്തു. ടിം സൗത്തി, ഗ്ലെൻ ഫിലിപ്‌സ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.