ചെന്നൈ ടെസ്റ്റിൽ ഇന്ത്യ 376ന് ഓൾ ഔട്ട്; ബംഗ്ലാദേശിന് തുടക്കത്തിലെ വിക്കറ്റ് നഷ്ടം
ചെന്നൈ ടെസ്റ്റിൽ ഇന്ത്യ 376 റൺസിന് പുറത്തായി. രണ്ടാം ദിനം 6 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. എന്നാൽ 37 റൺസ് കൂടി കൂട്ടിച്ചേർക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു. 86 റൺസെടുത്ത ജഡേജയാണ് ആദ്യം പുറത്തായത്
തൊട്ടുപിന്നാലെ 17 റൺസെടുത്ത ആകാശ് ദീപും വീണു. സ്‌കോർ 374ൽ സെഞ്ച്വറി നേടിയ അശ്വിനും പുറത്തായി 133 പന്തിൽ രണ്ട് സിക്‌സും 11 ഫോറുകളും സഹിതം 113 റൺസാണ് അശ്വിന്റെ സമ്പാദ്യം. ജസ്പ്രീത് ബുമ്ര 7 റൺസിന് വീണു.
അശ്വിന്റെ സെഞ്ച്വറിയും ജയ്‌സ്വാൾ, ജഡേജ എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് കരുത്തേകിയത്. ജയ്‌സ്വാൾ 56 റൺസെടുത്തു. 124 പന്തിൽ പത്ത് ഫോറും രണ്ട് സിക്‌സും സഹിതമാണ് ജഡേജ 86 റൺസ് എടുത്തത്.
ബംഗ്ലാദേശിന് വേണ്ടി ഹസൻ മഹ്മൂദ് 5 വിക്കറ്റുകൾ വീഴ്ത്തി. തസ്‌കിൻ അഹമ്മദ് 3 വിക്കറ്റും നഹീദ് റാണ, മെഹ്ദി ഹസൻ മിറാസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ് എന്ന നിലയിലാണ്. 2 റണ്‍സെടുത്ത ഷാദ്മാന്‍ ഇസ്ലാമാണ് പുറത്തായത്. ബുമ്രക്കാണ് വിക്കറ്റ്