ചെനാബ് നദിയിലെ ഡാമിന്‍റെ ഷട്ടർ താഴ്ത്തി ഇന്ത്യ; പാക് പ്രവിശ്യയിലേക്കുള്ള ജലമൊഴുക്ക് കുറയും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ചെനാബ് നദിയിലെ അണക്കെട്ടിന്‍റെ ഷട്ടർ താഴ്ത്തി ഇന്ത്യ. പാക്കിസ്ഥാനെതിരേയുള്ള നടപടികൾ കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. ബഗ്‌ലിഹാർ അണക്കെട്ടിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്കു കുറക്കുന്നതിനായാണ് ഷട്ടർ താഴ്ത്തിയത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെ ഇതു പ്രശ്നത്തിലാക്കും.
പഞ്ചാബ് പ്രവിശ്യയിലെ കാർഷികാവശ്യങ്ങൾക്കായി വൻ തോതിൽ ചെനാബ് നദിയിൽ നിന്നുള്ള ജലം ഉപയോഗിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനുമായി ഒപ്പിട്ടിരുന്ന സിന്ധൂ നദീജലക്കരാർ മരവിപ്പിച്ചിരുന്നു. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിൽ നിന്നുള്ള ജലമൊഴുക്ക് കുറക്കാനും നീക്കമുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യ സുരക്ഷയെ മുൻ നിർത്തിയാണ് തീരുമാനമെന്ന് കേന്ദ്രം വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ ഇറക്കുമതികളും അടിയന്തര പ്രാബല്യത്തോടെയാണ് വിലക്കിയിരിക്കുന്നത്. പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ വാഗ അതിർത്തി അടച്ചു, വ്യോമപാതകളും അടച്ചിട്ടുണ്ട്.