ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി; തീരുമാനം ഡിജിഎംഒ തല ചർച്ചയിൽ

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചർച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാകിസ്താൻ ഡിജിഎംഒയുമായി ഹോട്ട്ലൈൻ വഴിയാണ് ചർച്ച നടത്തിയത്. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിഷയത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഏറ്റുമുട്ടലിൽ ജെയ്ഷെ ഭീകരരെ വധിച്ച ജമ്മു കശ്മീരിലെ ത്രാലിൽ ജാഗ്രത തുടരുകയാണ്. കൂടുതൽ ഭീകരർക്കായി വനമേഖല കേന്ദ്രീകരിച്ച് സുരക്ഷാ സേനയുടെ ഇന്നും തെരച്ചിൽ തുടരും. അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് നേരെ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്മോസ് മിസൈലുകളെന്ന് റിപ്പോർട്ട്. .മേയ് 9 10 തിയതികളിൽ പാക്കിസ്ഥാനി എയർബേസുകൾ ലക്ഷ്യമിട്ട് നടത്തിയ തിരിച്ചടിയിൽ 15 ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയിൽ പാക്കിസ്ഥാന്റെ 13 എയർബേസുകളിൽ 11നും കേടുപാടുകൾ സംഭവിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിർദേശപ്രകാരമാണ് തിരിച്ചടിക്ക് ബ്രഹ്മോസ് തെരഞ്ഞെടുത്തത് എന്നാണ് വിവരം.