ദുബൈ: ഇതാദ്യമായിട്ടായിരിക്കും ശമ്പളം വൈകിയ പ്രവാസികള്‍ക്ക് സന്തോഷമായിക്കാണും. ഇന്നലെ ശമ്പളം കിട്ടിയവര്‍ നാട്ടിലേക്കയച്ച പണത്തേക്കാള്‍ ഇന്നും ഇനി നാളെയും അയക്കുന്നവര്‍ക്കുണ്ടാകും. യു എസ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ ശമ്പളം നാട്ടിലേക്ക് അയക്കാതെ വെച്ചവര്‍ക്കും വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും രൂപ കരുത്ത് കുറയുമെന്നാണ് നിലവിലെ വിലയിരുത്തല്‍. അതേസമയം, പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടേക്കും.
ഇന്നത്തെ വ്യാപാരത്തില്‍ ഏറിയും കുറഞ്ഞും രൂപയുടെ മൂല്യം എത്തിയത് 84.37 എന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ 6 പൈസയുടെ ഇടിവുണ്ട്. ബുധനാഴ്ച 22 പൈസ ഇടിഞ്ഞിരുന്നു.
സ്വര്‍ണവില കുത്തനെ കുറഞ്ഞതും ഡോളര്‍ കരുത്താര്‍ജിച്ചതും എടുത്തു പറയേണ്ട മാറ്റമാണ്. അമരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിക്കാനിരിക്കുന്ന പലിശ നിരക്കിലെ മാറ്റമാണ് നിക്ഷേപകര്‍ ഇനി ഉറ്റുനോക്കുന്നത്. പലിശ നിരക്ക് .25 ശതമാനം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില നേരിയ തോതില്‍ ഉയരാനുള്ള വഴിയൊരുങ്ങും.