കുട്ടികള്‍ക്കായി ഐഫോണ്‍, ഗാഡ്‌ഗെറ്റ്‌സ് ഷൂ…; യുഎഇ രക്ഷിതാക്കള്‍ ചെലവിടുന്നത് 5,000 ദിര്‍ഹത്തോളം
അബുദാബി: കുട്ടികളുടെ സ്‌കൂള്‍ പഠനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ ശരാശരി ചെലവിടുന്നത് 5,000 ദിര്‍ഹത്തോളമെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കായി ഐഫോണ്‍, ഗാഡ്‌ഗെറ്റ്‌സ്, ഷൂ തുടങ്ങിയവ വാങ്ങി നല്‍കാനാണ് ഇത്രയും തുക ചെലവഴിക്കുന്നത്. ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്ന ഷാര്‍ജയിലെ സ്‌കൂളില്‍ പഠിക്കുന്ന ഈജിപ്ത് സ്വദേശിയായ 14 വയസുള്ള വിദ്യാര്‍ഥി പിതാവിനോട് ആവശ്യപ്പെട്ടത് പുതിയ ഐഫോണ്‍ 16 ആയിരുന്നൂവെന്ന് പിതാവ് സഈദ്.
‘ആദ്യം അവന്‍ എന്താണ് ആവശ്യപ്പെടുന്നതെന്ന് എനിക്ക് മനസിലായില്ല, അത്ഭുതപ്പെട്ടുപോയി. നീ കാര്യമായി പറയുകയാണോ, തമാശ പറയുകയാണോയെന്ന് ഞാന്‍ ചോദിച്ചു. അവന്റെ കൈയില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരിക്കേയാണ് ഐഫോണിനുള്ള ആവശ്യം ഉന്നയിച്ചത്. അവന്റെ കൂട്ടുകാര്‍ക്കെല്ലാം രക്ഷിതാക്കള്‍ പരീക്ഷയില്‍വിജയിച്ചതില്‍ സമ്മാനമായി ഐഫോണ്‍ വാങ്ങികൊടുത്തിട്ടുണ്ടെന്നും തനിക്കും വേണമെന്നുമായിരുന്നു മകന്റെ ആവശ്യം’- സെയ്ത് വ്യക്തമാക്കി.
ഇത് ഒറ്റപ്പെട്ട അവസ്ഥയല്ല, മലയാളികളുടെയും ഇന്ത്യക്കാരുടെയും ഉയര്‍ന്ന നിലവാരമുള്ള വിദ്യാലയങ്ങളില്‍ പഠിക്കുന്നവരുടെ എല്ലാം സ്ഥിതി സമാനമാണ്. പല രക്ഷിതാക്കളും മാസത്തില്‍ കുട്ടികളുടെ പഠനത്തിനായി 3,000 ദിര്‍ഹംവരെയൊക്കെയാണ് ചെലവഴിക്കേണ്ടി വരുന്നത് ഇപ്പോള്‍ മിക്കയിടത്തും സാധാരണമാണ്. കുട്ടികളില്‍നിന്നുള്ള ഇത്തരം ആവശ്യങ്ങള്‍ രക്ഷിതാക്കളുടെ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നുണ്ട്. ഇത് അവരെ സാമ്പത്തികമായി കൂടുതല്‍ സമ്മര്‍ദങ്ങളിലേക്കാണ് എത്തിക്കുന്നത്.