സൈന്യം കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ഹമാസിന്റെ സ്‌നൈപ്പറായിരുന്നു; പുതിയ വാദവുമായി ഇസ്രായേൽ

ഗാസ മുനമ്പില്‍ വെച്ച് അല്‍ ജസീറ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ ആരോപണവുമായി ഇസ്രായേല്‍ സൈന്യം. ഹുസാം ഷബാത്ത് ആണ് കൊല്ലപ്പെട്ടത്. അദ്ദേഹം ഹമാസിന്റെ സ്‌നൈപ്പര്‍ തീവ്രവാദിയാണെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു.
വടക്കന്‍ ഗാസയില്‍ വാഹനത്തിന് നേരെ ഇസ്രായേല്‍ തിങ്കളാഴ്ച നടത്തിയ ആക്രമണത്തിലാണ് ഷബാത്ത് കൊല്ലപ്പെട്ടത്. ഹമാസ് ഭീകര സംഘടനയുടെ ബെയ്റ്റ് ഹനുന്‍ ബറ്റാലിയനില്‍ നിന്നുള്ള ഒരു സ്‌നൈപ്പറിനെ സൈന്യം വധിച്ചുവെന്നാണ് ഇസ്രായേല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ബെയ്റ്റ് ലാഹിയയിലെ ഒരു പെട്രോള്‍ പമ്പനിന് സമീപം നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നു ഷബാത്തിന്റെ കാര്‍. ഇതിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തുകയായിരുന്നു. അല്‍ ജസീറയുടെ മാധ്യമ പ്രവര്‍ത്തകന്‍ ഐഡിഎഫിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
ഷബാത്തിന്റെ കാറിന് നേരെ ആക്രമണം നടന്നതിന് പിന്നാലെ ജനങ്ങള്‍ തടിച്ചുകൂടുന്നത് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കാറിന്റെ വിന്‍ഡ് സ്‌ക്രീനില്‍ അല്‍ ജസീറയുടെ സ്റ്റിക്കര്‍ പതിച്ചിരുന്നു. കാറിന്റെ സമീപത്ത് തന്നെയായിരുന്നു ഷബാത്തിന്റെ മൃതദേഹം ഉണ്ടായിരുന്നത്.
അതേസമയം, കഴിഞ്ഞ ഒക്ടോബറില്‍ ഷബാത്ത് ഉള്‍പ്പെടെ അഞ്ച് പലസ്തീനി മാധ്യമ പ്രവര്‍ത്തകര്‍ ഭീകരവാദികളാണെന്ന് ആരോപിച്ച് ഇസ്രായേല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഷബാത്ത് നിഷേധിച്ചിരുന്നതായി യുഎസ് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പലസ്തീന്‍ ടുഡെ ടിവിയിലെ മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് മന്‍സൂറിനെ ഇസ്ലാമിക് ജിഹാദുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ വെച്ചായിരുന്നു ആക്രമണം. അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്.
2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്രായേല്‍-ഹമാസ് ആക്രമണങ്ങളില്‍ കുറഞ്ഞത് 206 മാധ്യമ പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ പ്രവര്‍ത്തക സിന്‍ഡിക്കേറ്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.