World

വെടിനിര്‍ത്തല്‍ ലബനാനിലല്ലേ…? ഗാസയില്‍ കൊന്നൊടുക്കാലോ

33 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

വെടിനിര്‍ത്തല്‍ കരാര്‍ ലബനാനുമായിട്ടല്ലേ..ഗാസയിലെ ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്നതിന് യാതൊരു തടസ്സവുമില്ലല്ലോ..? ഗാസയില്‍ നരനായാട്ട് നടത്തി പൂതി തീരാത്ത ഇസ്രാഈല്‍ ഭീകര സൈനികര്‍ ചിന്തിക്കുന്ന ലോജിക്കാകും ഇത്. ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ഗാസയില്‍ ക്രൂരമായ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഇസ്രാഈല്‍ സൈന്യം. ലബനാനില്‍ ആക്രമണം നടത്തേണ്ടതില്ലാത്ത സാഹചര്യത്തില്‍ ഇസ്രാഈലിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ഗസയിലാണ്.

ആയുധധാരികള്‍ക്കെതിരെയല്ല ഇസ്രയിലിന്റെ ഗാസയിലെ ആക്രമണമെന്നതാണ് മറ്റൊരു വസ്തുത. പരുക്കേറ്റവും അഭയം തേടി നടക്കുന്നവരുമായ 33 ഫലസ്തീനികളെയാണ് 24 മണിക്കൂറിനിടെ ഇസ്രാഈല്‍ കൊന്നൊടുക്കിയത്. ആക്രമണത്തില്‍ 137 ഫലസ്തീനികള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവരില്‍ പലരുടെയും നില ഗരുതരമാണെന്നും മരണ സംഖ്യ വര്‍ധിക്കുമെന്നും ആശുപത്രി വൃത്തങ്ങള്‍ സൂചന നല്‍കി.

അതേസമയം, ലബനാനില്‍ ഇസ്രാഈല്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന ആരോപണവുമായി ഹിസ്ബുല്ല രംഗത്തെത്തി. കരാര്‍ മൂന്നാം ദിവസത്തേക്ക് പ്രവേശിക്കുമ്പോഴാണ് ഇസ്രാഈല്‍ കരാര്‍ ലംഘിച്ചത്. കരാറുകള്‍ ലംഘിക്കുന്നത് ഇസ്രാഈലിന്റെ പതിവ് രീതിയാണെങ്കിലും ലബനാനിലെ ലംഘനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

ഇസ്രാഈൽ പ്രധാനമന്ത്രിക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗാസയിലെ ആക്രമണങ്ങൾക്ക് അറുതിയായില്ലെന്ന് മാത്രമല്ല, ഇതിന് ശേഷം വർധിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര കോടതിയോടുള്ള കലിപ്പ് മുഴുവനും ഇസ്രാഈൽ സൈന്യം തീർക്കുന്നത് ഗാസയിലെ പാവപ്പെട്ടവർക്ക് നേരെയാണ്.

Related Articles

Back to top button
error: Content is protected !!