വടക്കൻ ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 73 മരണം, നിരവധി പേർക്ക് പരിക്ക്
ഗാസ: വടക്കൻ ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. ബെയ്ത് ലഹിയ പട്ടണത്തിൽ ഉണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ 73 പേർ കൊല്ലപ്പെട്ടു. നിരവധി വീടുകൾ തകരുകയും, ഒരുപാട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമല്ല. ബെയ്ത് ലഹിയ പട്ടണത്തിലെ കെട്ടിട സമുച്ചയത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ശനിയാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. ഇന്ന് 73 പേർ കൊല്ലപ്പെട്ടതോട് കൂടി രണ്ടു ദിവസത്തിനുളിൽ മരിച്ചവരുടെ എണ്ണം 108 ആയി. കൊല്ലപ്പെട്ട ഹമാസ് തലവൻ യഹിയ സിൻവറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുന്ന ലഘുലേഖകളും ഇസ്രായേൽ സൈന്യം വിമാനത്തിൽ നിന്നും ഗസ്സയിലേക്ക് വിതറി. ഗാസ ഭരിക്കാൻ ഇനി ഹമാസിനാകില്ലെന്നും, ആയുധം വെച്ച് കീഴടങ്ങുന്നവരെയും, ബന്ദികളെ മോചിപ്പിക്കുന്നവരെയും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുമെന്നും ലഘുലേഖയിലുണ്ട്. ഇതിനുപുറമെ, വടക്കൻ ബെയ്‌റൂട്ടിൽ പൗരന്മാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ലഘുലേഖകളും വിതറി.
നേരത്തെ യഹിയ സിൻവറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഹിസ്ബുള്ള തിരിച്ചടിച്ചിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് നേരെയായിരുന്നു ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം. ആക്രമണം ഉണ്ടായ സമയത്ത് നെതന്യാഹുവും കുടുംബവും വസതിയിൽ ഉണ്ടായിരുന്നില്ല. ലെബനനിൽ നിന്നും വിക്ഷേപിച്ച ഡ്രോണുകളിൽ രണ്ടെണ്ണം ഇസ്രായേൽ സൈന്യം പ്രതിരോധിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ, ഹിസ്ബുള്ളയ്ക്കും ഹമാസിനും ശക്തമായ മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തി. പോരാട്ടത്തിൽ നിന്നും തന്നെ പിന്തിരിപ്പിക്കാൻ ഒന്നിനുമാകില്ലെന്ന് നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഇറാന്റെ നിഴൽ ശക്തികളായ ഭീകരവാദികൾക്കെതിരെ യുദ്ധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.