ഇറാന്റെ രഹസ്യ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്‌റാഈല്‍; പ്രതികരിക്കാതെ ഇറാന്‍
റിപോര്‍ട്ട് പുറത്തുവിട്ടത് ആക്‌സിയോസ്
തെഹ്‌റാന്‍: ഒക്ടോബറില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണ പരമ്പരയില്‍ ഇറാനിലെ രഹ്യ ആണവ കേന്ദ്രം തകര്‍ന്നതായി റിപോര്‍ട്ട്. ഇസ്‌റാഈല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസിസ് എന്ന ന്യൂസ് വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇറാന്‍ തയ്യാറായിട്ടില്ലെന്നും അതിനാല്‍ ആക്രമണം സ്ഥിരീകരിക്കാനാകുമെന്നുമാണ് ആക്‌സിയോസിന്റെ വാദം.
അത്യാധുനിക ഉപകരണങ്ങളും മിസൈലുകളും ഉപയോഗിച്ചാണ് ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം അഴിച്ചുവിട്ടതെന്നും ഒക്ടോബര്‍ 25-ന് നടന്ന ആക്രമണത്തിനിടെ ഇസ്രായേല്‍ സൈന്യം തെഹ്റാനടുത്തുള്ള പാര്‍ച്ചിന്‍ സൈനിക സമുച്ചയത്തിനുള്ളിലെ ആണവ നിലയം തകര്‍ത്തുവെന്നുമാണ് അവകാശവാദം.
മോഡലിംഗ്, മെറ്റലര്‍ജി, സ്‌ഫോടകവസ്തു ഗവേഷണം എന്നിവയുള്‍പ്പെടെ ഈ വര്‍ഷം ആദ്യം ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നതായും ഇതാണ് തകര്‍ന്നതെന്നും ഇസ്രായേലി, യുഎസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ഇവയെല്ലാം ആണവായുധത്തിന്റെ വികസനത്തിന് സംഭാവന നല്‍കുമെന്ന് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ആണവായുധത്തിന്റെ നിര്‍മ്മാണത്തിന് അടിത്തറ പാകുന്ന ശാസ്ത്രീയ പ്രവര്‍ത്തനമാണ് അവര്‍ നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ സൈറ്റിനോട് പറഞ്ഞു. ‘ഇതൊരു അതീവരഹസ്യമായ കേന്ദ്രമായിരുന്നു. \
ഇറാന്‍ ഗവണ്‍മെന്റിന്റെ ഒരു ചെറിയ വിഭാഗത്തിന് മാത്രമായിരുന്നു ഇതേക്കുറിച്ചുള്ള അറിവെന്നും കഴിഞ്ഞ ജൂണില്‍ ഇതുമായി ബന്ധപ്പെട്ട് ഇറാന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നുമാണ് അവകാശവാദം.