AbudhabiSports

നിർഭാഗ്യവശാൽ റൺ ഔട്ടായി ജയ്‌സ്വാൾ, പിന്നാലെ തകർന്ന് ഇന്ത്യ; രണ്ടാം ദിനം 5ന് 164 റൺസ്

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാൾ 310 റൺസ് പിന്നിലാണ് ഇപ്പോഴും ഇന്ത്യ. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 474 റൺസിന് ഓൾ ഔട്ടായിരുന്നു

നായകൻ രോഹിത് ശർമ ഒരിക്കൽ കൂടി നിരാശപ്പെടുത്തുന്നത് കണ്ടാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് തുടക്കമായത്. മൂന്ന് റൺസെടുത്ത രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ എട്ട് റൺസിൽ മാത്രമേ എത്തിയിരുന്നുള്ളു. കെഎൽ രാഹുൽ 24 റൺസിന് പുറത്തായി. 2ന് 51 എന്ന നിലയിൽ നിന്നും ഇന്ത്യയെ യശസ്വി ജയ്‌സ്വാളും വിരാട് കോഹ്ലിയും ചേർന്ന് കരകയറ്റുന്നതാണ് പിന്നീട് കണ്ടത്

ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 102 റൺസിന്റെ പാർട്ണർഷിപ്പ് കുറിച്ചു. എന്നാൽ നിർഭാഗ്യത്തിന്റെ രൂപത്തിലായിരുന്നു ജയ്‌സ്വാളിന്റെ പുറത്താകൽ. 82 റൺസ് എടുത്തു നിൽക്കെ കോഹ്ലിയുമായുള്ള ആശയക്കുഴപ്പത്തെ തുടർന്ന് ജയ്‌സ്വാൾ റൺ ഔട്ടാകുകയായിരുന്നു. 118 പന്തിൽ 11 ഫോറും ഒരു സിക്‌സും സഹിതമാണ് ജയ്‌സ്വാളിന്റെ പ്രകടനം

ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ നിർണായകമായത്. തൊട്ടുപിന്നാലെ കോഹ്ലിയും വീണു. 36 റൺസാണ് കോഹ്ലി എടുത്തത്. ജയ്‌സ്വാളിന് പിന്നാലെ നൈറ്റ് വാച്ച്മാനായി ഇറക്കിയ ആകാശ് ദീപ് ഡക്കിനും പോയതോടെ ഇന്ത്യ 5ന് 159 റൺസ് എന്ന നിലയിലാണ്. ആറ് റൺസിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്

കളി നിർത്തുമ്പോൾ ആറ് റൺസുമായി റിഷഭ് പന്തും നാല് റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസും സ്‌കോട്ട് ബോളണ്ടും രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി

Related Articles

Back to top button
error: Content is protected !!