Kerala

സൗഹൃദ സന്ദര്‍ശനമെന്ന് കെസി വേണുഗോപാല്‍; ജി സുധാകരന്‍ സിപിഎമ്മില്‍ അസംതൃപ്തനോ

സ്വാഭാവിക സന്ദര്‍ശനമെന്നാണ് ജി സുധാകരൻ

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ജി സുധാകരനെ വീട്ടില്‍ പോയി കൂടിക്കാഴ്ച നടത്തിയത് സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സ്വാഭാവിക സന്ദര്‍ശനമെന്നാണ് ജി സുധാകരനും ഇതേ കുറിച്ച് അഭിപ്രായപ്പെട്ടത്.

അതേസമയം ഇരുവരുടെയും കൂടിക്കാഴ്ച വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ആലപ്പുഴ സിപിഎമ്മില്‍ കനത്ത വിഭാഗീയത നേരിടുമ്പോഴാണ് വിവാദമായ കൂടിക്കാഴ്ച. സിപിഎം പരിപാടികളില്‍ നിന്ന് തുടരെ ജി സുധാകരനെ മാറ്റിനിര്‍ത്തിയതിന് പിന്നാലെ ആയിരുന്നു ഏര്യ സമ്മേളനത്തില്‍ നേരിട്ട അവഗണനയും ചര്‍ച്ചയായിരുന്നു.

വീടിന് ചുറ്റുവട്ടത്ത് നടന്ന അമ്പലപ്പുഴ ഏര്യ സമ്മേളനത്തില്‍ ജി സുധാകരനെ ക്ഷണിക്കാതിരുന്നതും ഏറെ വിവാദമായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാവിനെ മാറ്റി നിര്‍ത്തുന്നുവെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. എന്നാല്‍ സംഭവം വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബു ജി സുധാകരന്റെ അവസ്ഥ ദയനീയമാണെന്ന് പറഞ്ഞിരുന്നു.

ജി സുധാകരന്‍ പാര്‍ട്ടിയില്‍ അസംതൃപ്തനാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ സുരേന്ദ്രന്റെ അഭിപ്രായത്തിന് താന്‍ എന്തിന് മറുപടി നല്‍കണമെന്നായിരുന്നു ഇതേ കുറിച്ച് സുധാകരന്‍ പ്രതികരിച്ചത്. ഇപ്പോള്‍ തന്നെ കുറിച്ച് സംസാരിക്കുന്നവരൊക്കെ തന്റെ രാഷ്ട്രീയ ജീവിതം അവഗണിക്കാന്‍ പറ്റില്ലെന്ന് ബോധ്യമുള്ളവരാണെന്നും സുധാകരന്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!