കോലിയെ കേറി ചൊറിയാന്‍ നില്‍ക്കേണ്ട; ആസ്ത്രേലിയന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുന്‍ ക്യാപ്റ്റന്‍
മുന്നറിയിപ്പ് ടെസ്റ്റ് പരമ്പരക്ക് തയ്യാറെടുക്കവെ
ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയാണ് നിലവില്‍ ഏറ്റവുമധികം അപകടകാരിയെന്നും അദ്ദേഹത്തെ നിശബ്ധനാക്കി നിര്‍ത്താനായാല്‍ ഓസ്ട്രേലിയക്കു മികച്ച സാധ്യതയാണുള്ളതെന്നും മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. കോലിയെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും കോലിയോട് സൂക്ഷിച്ച് മാത്രമെ കളിക്കാന്‍ പറ്റൂവെന്നുമാണ് ക്ലാര്‍ക്കിന്റെ അഭിപ്രായം. റെവ് സ്പോര്‍ട്സിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ -ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കു ഈയാഴ്ച തുടക്കം കുറിക്കാനിരിക്കെയാണ് ഓസീസിനു മുന്നറിയിപ്പുമായി മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ മൈക്കല്‍ ക്ലാര്‍ക്ക് രംഗത്തെത്തിയത്. ഇതിഹാസ ബാറ്ററായ വിരാട് കോലിയെയാണ് ഓസ്ട്രേലിയ ഏറ്റവുമധികം ഭയക്കേണ്ടതെന്നും അദ്ദേഹം തിളങ്ങിയെങ്കില്‍ മാത്രമേ ഇന്ത്യക്കു ജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.
22 മുതല്‍ പെര്‍ത്തിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കുന്നത്. അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു ജയത്തോടെ തന്നെ തുടക്കം കുറിക്കാനായിരിക്കും ഇരുടീമുകളുടെയും ലക്ഷ്യം.
ഓസ്ട്രേലിയന്‍ മണ്ണില്‍ ഹാട്രിക് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയാണ് ഇന്ത്യന്‍ ടീം സ്വപ്നം കാണുന്നത്. അതോടൊപ്പം പരമ്പരയില്‍ 4-0നു ജയിക്കാനും ഇന്ത്യ ശ്രമിക്കുമെന്നുറപ്പാണ്. എങ്കില്‍ മാത്രമേ ഡബ്ല്യുടിസി ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ. ന്യൂസിലാന്‍ഡിനോട് നാണം കെട്ട് തോറ്റ ഇന്ത്യക്ക് പരമ്പര തൂത്തുവാരിയാല്‍ മാത്രമെ ഇന്ത്യക്ക് ഡബ്ല്യു ടി സി ഫൈനല്‍ പ്രതീക്ഷയുള്ളൂ.