കോലിയെ കൂക്കി വിളിച്ച് ഓസീസ് ആരാധകര്‍; വെല്ലുവിളിച്ച് താരം
ഓസ്‌ട്രേലിയന്‍ ടെസ്റ്റ് കോലിക്ക് കൈപ്പേറും
മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരാട് കോലി ഓസ്‌ട്രേലിയന്‍ താരവും അരങ്ങേറ്റക്കാരനുമായ 19കാരന്‍ സാം കോണ്‍സ്റ്റാസിനെ തോളുകൊണ്ട് ഇടിച്ച സംഭവത്തില്‍ രോഷാകലുരായി ഓസീസ് ആരാധകര്‍. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ കോലിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തുകയും ഇന്ത്യന്‍ ആരാധകര്‍ തന്നെ കോലിയുടെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഗ്യാലറിയില്‍ നിന്നുള്ള ആക്ഷേപം.
പുരോഗമിച്ചുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റില്‍ വിരാട് കോലി ഔട്ടായി പവലിയനിലേക്ക് മടങ്ങുമ്പോഴായിരുന്നു ആരാധകരുടെ രോഷപ്രകടനം. കൂട്ടമായി കൂക്കി വിളിച്ചാണ് ആരാധകര്‍ കോലിയെ നേരിട്ടത്. തലതാഴ്ത്തി പവലിയനിലേക്ക് പോകുന്ന കോലിയെയും കൂക്കിവിളിക്കുന്ന ആരാധകരുടെ ശബ്ദവും അടങ്ങുന്ന വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഈ വീഡിയോ ഓസീസ് ആരാധകര്‍ പ്രചരിപ്പിക്കുകയാണ്.
കൂക്കുവിളി കേട്ട് പവലിയനിലേക്ക് പ്രവേശിക്കുന്നതിനിടെ തിരിച്ചെത്തിയ കോലി ഗ്യാലറിയിലുള്ള ആരാധകരെ രൂക്ഷമായി നോക്കുന്നതും രോഷത്തോടെ തന്റെ പ്രതിഷേധം വിളിച്ചു പറയുന്നതും വീഡിയോയിലുണ്ട്. ഇതോടെ സംഭവസ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാര്‍ കോലിയെ പവലിയനിലേക്ക് മടക്കുകയായിരുന്നു.
ഏത് രാജ്യത്ത് പോയാലും എതിര്‍ ടീമിന്റെ ആരാധകരില്‍ നിന്ന് വരെ മികച്ച പിന്തുണ ലഭിച്ചിരുന്ന താരമായിരുന്നു വീരാട് കോലി. കോലി ദി കിംഗ് എന്നുവരെ വിശേഷിപ്പിക്കപ്പെട്ട കോലിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. രോഹിത്ത് ശര്‍മയെ പോലെ മോശം പ്രകടനം തുടരുന്ന കോലി ഗ്രൗണ്ടില്‍ മാന്യത വിടുന്ന പെരുമാറ്റം സ്വീകരിക്കുന്നത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.