ഇത് ഞങ്ങളെടുക്കുന്നുവെന്ന് കെഎസ്ആർടിസി; ചിപ്സ് ഒക്കെ തിന്ന് രസിച്ച് എഫ് 35-ബി

തിരുവനന്തപുരത്ത് സാങ്കേതിക തകരാർ കാരണം പെട്ട് കിടക്കുന്ന എഫ് 35 ബി ബ്രിട്ടീഷ് യുദ്ധവിമാനത്തെ ഏറ്റെടുത്ത് കെഎസ്ആർടിസിയും. നേരത്തെ ടൂറിസം വകുപ്പ് യുദ്ധവിമാനത്തെ വെച്ച് കിടിലൻ പരസ്യം ഇറക്കിയിരുന്നു. പിന്നാലെ വിമാനത്തിന് മലയാളി പേരും ആധാർ കാർഡും അടക്കം നൽകി ചില വിരുതൻമാരും സോഷ്യൽ മീഡിയയിൽ രംഗത്തുവന്നു. പിന്നാലെയാണ് കെ എസ് ആർ ടിസിയും വിമാനത്തെ ഏറ്റെടുത്തത്
കെഎസ്ആർടിസി കായംകുളം ആണ് ഫേസ്ബുക്കിൽ വിമാനത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കെഎസ്ആർടിസി ബസിന്റെ അതേ ഡിസൈനിൽ പെയിന്റൊക്കെ ചെയ്ത് കെഎസ്ആർടിസി എന്ന് പേരും മാറ്റിയാണ് വിമാനത്തിന്റെ ഇരിപ്പ്. ഇത്രയുമൊക്കെ ആയിട്ടും ഒരു തീരുമാനം ആകാത്ത സ്ഥിതിക്ക് ഇത് ഞങ്ങൾ എടുക്കുന്നു എന്നാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ
No wonder it refuses to leave now- bro found peace, toddy, and banana chips. 🥴 pic.twitter.com/wAv2i9a75z
— The ChagalaToka (@Pratyush0511) July 2, 2025
നേരത്തെ കേരള ടൂറിസം ഒഫിഷ്യൽ പേജിൽ പോസ്റ്റ് ചെയ്ത പരസ്യം രാജ്യാന്തര മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. വിമാനം കേരളത്തിൽ ഒരു സെലിബ്രിറ്റി ആയി മാറിയെന്നാണ് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. നാട്ടിൻ പുറത്തെ കടയിൽ ചായ കുടിക്കാനെത്തുന്ന ജെറ്റിന്റെ മീമുകളും ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
വിമാനത്തിന് മലയാളി പേരും ആധാർ കാർഡും നൽകി മറ്റ് ചില വിരുതൻമാരും രംഗത്തുവന്നിരുന്നു. എപ് 35 ബി നായർ എന്നാണ് വിമാനത്തിനിട്ട പേര്. കേരളത്തിൽ ഇറങ്ങിയ ജൂൺ 14 ആണ് ജനന തീയതി ആയി നൽകിയിരിക്കുന്നത്. വിലാസമായി തിരുവനന്തപുരവും നൽകി.