കൊല്ലം കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി പിടിയില്‍. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പടപ്പക്കര സ്വദേശി അഖിലാണ് പോലീസിന്റെ പിടിയിലായത്. നാല് മാസം മുമ്പ് നാടിനെ നടുക്കിയ കൊല നടത്തി സംസ്ഥാനം വിട്ട അഖില്‍ ശ്രീനഗറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്ന് അഖിലിനെ തിരിച്ചറിഞ്ഞ മലയാളികളാണ് പോലീസിനെ വിവരം അറിയിക്കുന്നത്.
ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി കഴിയുകയായിരുന്നു അഖില്‍. കേസിന്റെ അന്വേഷണത്തില്‍ പല തരത്തിലുള്ള പ്രതിസന്ധികളാണ് പൊലീസിന് നേരിടേണ്ടി വന്നിരുന്നത്.
സ്ഥിരമായി മൊബൈല്‍ ഉപയോഗിക്കാതിരുന്ന പ്രതി സുഹൃത്തുക്കളെ ബന്ധപ്പെടുകയോ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. സുഹൃത്തുക്കളുമായി യാതൊരു ബന്ധവും പുലര്‍ത്താതിരുന്ന അഖിലിനെ പോലീസിന് കണ്ടെത്തുകയ പ്രയാസമായിരുന്നു.
എന്നാല്‍ കേരളത്തിലുടനീളം കുണ്ടറ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് കൈമാറിയിരുന്നു.അങ്ങനെയാണ് ശ്രീനഗറില്‍ നിന്നും പ്രതിയെക്കുറിച്ചുളള വിവരം കുണ്ടറ പൊലീസിന് ലഭിക്കുന്നത്. കുണ്ടറ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശ്രീനഗറിലേക്ക് പുറപ്പെടുകയായിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. പ്രതിയെക്കുറിച്ചുള്ള നിര്‍ണായകവിവരം നല്‍കിയത് ശ്രീനഗറില്‍ തന്നെയുള്ള മലയാളിയായിരുന്നു.
ക്രൂരമായ കൊലപാതകം നടത്തി വന്നയാളാണ് തങ്ങളുടെ വീട്ടില്‍ ജോലിക്കെത്തിയതെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ശ്രീനഗറിലെ വീട്ടുടമ.