കുവൈത്ത് സിറ്റി: അനധികൃത കുടിയേറ്റം, വിസാ തട്ടിപ്പ് എന്നീ മേഖലകള്‍ കൈകാര്യം ചെയ്യുന്ന 60 വര്‍ഷം പഴക്കമുള്ള നിലവിലെ നിയമത്തില്‍ നിന്ന് നിരവധി മാറ്റങ്ങളുമായി കുവൈത്ത് മന്ത്രിസഭ പുതിയ കരട് റസിഡന്‍സി നിയമത്തിന് അംഗീകാരം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം അനധികൃത പ്രവാസികള്‍ക്ക് അഭയം നല്‍കുന്നതും പുതിയ നിയമത്തില്‍ നിരോധിച്ചിട്ടുണ്ട്.
പ്രവാസികളുടെ പ്രവേശനം, അധികാരികളെ അറിയിക്കല്‍, റസിഡന്‍സി വ്യാപാരം, അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, നിയമലംഘകര്‍ക്കുള്ള പിഴകള്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ നിയന്ത്രിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ഏഴ് അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമമെന്ന് കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
വിസ നിയമം ലംഘിച്ച് പോലീസ് പിടിയില്‍പ്പെടാതെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മറ്റും ഫ്‌ളാറ്റുകളില്‍ കഴിയേണ്ടി വരുന്ന പ്രവാസികളെ ഈ നിയമം ബാധിക്കും. വിസ കച്ചവട നിരോധനം, വിദേശികളെ നാടുകടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, താമസ നിയമ ലംഘകര്‍ക്ക് എതിരെയുള്ള ശിക്ഷകള്‍ എന്നിവയാണ് കരട് നിര്‍ദ്ദേശത്തിലുള്ളത്.
പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം ലഭിച്ചത്. കുവൈത്ത് അമീര്‍ അംഗീകരിച്ചതിനുശേഷം നിയമം പ്രാബല്യത്തില്‍ വരും.