മദ്യപ്ലാന്റ് അനുമതി: നിയമസഭയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
പാലക്കാട് എലപ്പുള്ളി മദ്യപ്ലാന്റ് അനുമതിയിൽ നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് എംഎൽഎ കൂടിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രവർത്തകരെ പിരിച്ചുവിടാനായി പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ഇതിന് ശേഷവും പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്ത് തുടരുകയാണ്
ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെയും മന്ത്രി എംബി രാജേഷിനെതിരെയും മുദ്രവാക്യം വിളികളുമായാണ് പ്രവർത്തകർ നിയമസഭയ്ക്ക് മുന്നിൽ തുടരുന്നത്
ബ്രൂവറി വിഷയം ഒയാസിസ് കമ്പനിക്ക് വേണ്ടി തയ്യാറാക്കിയ കരാറാണെന്നും ഈ കരാറിൽ നിന്ന് സർക്കാർ പിൻമാറണമെന്നും മന്ത്രി എംബി രാജേഷ് മാറി നിന്ന് വിചാരണ നേരിടണമെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പാലക്കാട് തെരഞ്ഞെടുപ്പിൽ സിപിഎം ചെലവഴിച്ചത് ഒയാസിസിന്റെ പണമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.