ഷീല സണ്ണിയെ ലഹരി ട്രാപ്പിൽ കുടുക്കിയത് ലിവിയയുടെ ബുദ്ധി; മകനും പങ്കെന്ന് സംശയം

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിട സംഭവത്തിൽ പ്രതി ചേർത്ത മരുമകളുടെ സഹോദരി ലിവിയയെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. സംഭവത്തിന് പിന്നാലെ ലിവിയ ദുബൈയിലേക്ക് കടന്നിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെ ലിവിയയെ നാട്ടിലെത്തിക്കാനാണ് പോലീസിന്റെ നീക്കം
ബംഗളൂരുവിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിനിയായിരുന്ന ലിവിയ ഇവിടെയുണ്ടായിരുന്ന ആഫ്രിക്കക്കാരിൽ നിന്നാണ് ലഹരി സ്റ്റാമ്പ് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. ലിവിയയുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് ഒന്നാം പ്രതി നാരായണദാസ് മൊഴി നൽകിയിരുന്നു. ഷീലയുടെ സ്കൂട്ടറിൽ ലഹരി സ്റ്റാമ്പുണ്ടെന്ന വിവരം നാരായണ ദാസാണ് എക്സൈസിനെ വിളിച്ച് അറിയിച്ചത്. കേസിൽ ഷീലയുടെ മകൻ സംഗീതിനും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
മരുമകളുടെ സ്വർണം പണയം വെച്ചതുമായി ബന്ധപ്പെട്ട് ഷീലയുടെ കുടുംബവും മരുമകളുടെ കുടുംബവും തമ്മിൽ തർക്കമുണ്ടായിരുന്നു. കടങ്ങൾ വീട്ടാനായി ഷീല ഇറ്റലിയിലേക്ക് പോകാൻ ശ്രമം നടത്തിയപ്പോൾ സ്വർണത്തിന്റെ കാര്യത്തിൽ തീരുമാനമാകാതെ പോകാതിരിക്കാൻ മരുമകളുടെ വീട്ടുകാർ ശ്രമം നടത്തി. തനിക്ക് കൂടി അവകാശപ്പെട്ട് സ്വത്ത് നഷ്ടമാകുമെന്ന ലിവിയയുടെ ചിന്തയാണ് വൈരാഗ്യത്തിന് കാരണമെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.