ഫേസ്ബുക്കിലൂടെ രണ്ടര വര്‍ഷത്തെ പ്രണയം. കാമുകിയെ സ്വന്തമാക്കാന്‍ അതിര്‍ത്തി കടന്ന യുവാവ്. ഒടുവില്‍ പാക് പോലീസിന്റെ പിടിയിലായതോടെ സംഗതി വാര്‍ത്തയായി. അതിര്‍ത്തി കടന്നെത്തിയിട്ടും കാമുകനെ തേച്ച് കാമുകി ഡീസന്റായി.
ഇന്ത്യാ – പാക് നയതന്ത്ര ബന്ധം അത്രസുഖകരമല്ലാത്ത കാലത്താണ് യു പിയിലെ അലിഗഢ് സ്വദേശിയായ ബാദല്‍ ബാബു അതിര്‍ത്തി കടക്കുന്നത്. കാമുകിയായ സന റാണിയെ കാണാനും വിവാഹം ചെയ്യാനുമായിരുന്നു ബാദലിന്റെ യാത്ര. ഒടുവില്‍ പോലീസ് പൊക്കിയതോടെ പ്രണയകഥ മാധ്യമങ്ങളിലെത്തി. ഓണ്‍ലൈന്‍ പ്രണയവും അത് തലക്ക് പിടിച്ച കഥയും വിശ്വസിക്കാന്‍ സനയെ വിളിച്ച പോലീസിനോട് അവള്‍ പറഞ്ഞത് ബാദലിനെ വിവാഹം കഴിക്കാനാകില്ലെന്ന്.
ഏതായാലും പാകിസ്താന്‍ ഫോറിന്‍ ആക്ട് സെഷന്‍ 13,14 പ്രകാരം നിയമവിരുദ്ധമായി അതിര്‍ത്തി കന്നതിന് ബാദലിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ ജസ്റ്റഡിയില്‍ വിട്ടു. ജനുവരി 10ലേക്ക് കേസ് നീട്ടിവെച്ചു.
ഇതാദ്യമായിട്ടല്ല പാകിസ്താന്‍- ഇന്ത്യന്‍ പ്രണയജോഡികളുടെ വാര്‍ത്തകള്‍ ശ്രദ്ധ നേടുന്നത്. നാളുകള്‍ക്ക് മുന്‍പ് അഞ്ജു എന്ന ഇന്ത്യന്‍ യുവതി പാകിസ്താന്‍ യുവാവുമായി പ്രണയത്തിലായിരുന്നു. അഞ്ജു പാകിസ്താനിലെത്തി കാമുകനെ വിവാഹം കഴിച്ച് ജീവിക്കുകയാണിപ്പോള്‍.
കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ നിന്ന് തന്റെ കാമുകനെ തേടി ഇന്ത്യയിലെത്തിയ വിവാഹിതയായ സീമ ഹൈദരും വാര്‍ത്തയായിരുന്നു. പബ്ജി ഗെയിമിങ്ങിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു.
എന്നാല്‍, ബാദലിന്റെ പ്രണയം ദുരന്തത്തിലേക്ക് വഴിമാറുമെന്നാണ് സൂചന. തന്നെ സ്വീകരിക്കാന്‍ സന തയ്യാറല്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് വിശ്വസിക്കാന്‍ ബാദലിന് സാധിച്ചിട്ടില്ല. അവളുടെ വീട്ടുകാരെ ഭയന്നാകും അവള്‍ അങ്ങനെ പറയുന്നത് എന്നാണ് ബാദലിന്റെ വിശദീകരണം.