മണിപ്പൂർ സംഘർഷം: അമിത് ഷാ ഇന്നും യോഗം വിളിച്ചു; 50 കമ്പനി കേന്ദ്രസേനയെ കൂടി വിന്യസിക്കും
മണിപ്പൂരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം ചേരും. 50 കമ്പനി കേന്ദ്രസേനയെ കൂടി മണിപ്പൂരിൽ വിന്യസിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി ഇംഫാലിൽ എത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.
അതേസമയം ഇംഫാലിൽ കർഫ്യൂവും ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്. എൻഐഎ ഏറ്റെടുത്ത കേസുകളിൽ വൈകാതെ അന്വേഷണം ആരംഭിക്കും. സംഘർഷത്തിലേക്ക് നയിച്ച മൂന്ന് പ്രധാന സംഭവങ്ങളിലെ അന്വേഷണമാണ് എൻഐഎ ഏറ്റെടുത്തത്. സാഹചര്യം ഏറെ സങ്കീർണമാണെന്നാണ് ഇന്നലെ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർ അമിത് ഷായെ ധരിപ്പിച്ചത്
5000 അംഗങ്ങളുള്ള അമ്പത് കമ്പനി കേന്ദ്രസേനയെ കൂടി വിന്യസിക്കാനാണ് തീരുമാനിച്ചത്. ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും. അതേസമയം വിഷത്തിൽ പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.