Kerala

മണ്ണാർക്കാട് നബീസ വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

പാലക്കാട് : മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്.

കൊലപാതക കുറ്റം തെളിവ് നശിപ്പിക്കൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മണ്ണാര്‍ക്കാട് തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസില്‍ കൊച്ചു മകന്‍ ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

പ്രതിഭാഗം വാദത്തിനിടെ ഒന്നാം പ്രതി ഫസീല കോടതിയില്‍ പൊട്ടിക്കരഞ്ഞു. തനിക്ക് 12 വയസുള്ള മകനുണ്ട്. അതിനാല്‍ ശിക്ഷ ഒഴിവാക്കണമെന്ന് ഫസീല കോടതിയോട് അപേക്ഷിച്ചു. ഫസീലയുടെ മുന്‍കാല കേസുകള്‍ കോടതി ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ മുന്‍കാല കുറ്റകൃത്യങ്ങള്‍ പരിഗണിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പോലീസ് മോശമായി പെരുമാറിയെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞു.

2016 ജൂണ്‍ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. നബീസ കൊല്ലപ്പെട്ടത് അതിക്രൂരമെന്നായിരുന്നു പ്രൊസിക്യുഷന്റെ വാദം. പാപങ്ങള്‍ പൊറുക്കാന്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത് ചെയ്തത് അതിക്രൂര കൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ വധശിക്ഷ നല്‍കണമെന്നും കോടതിയില്‍ വാദിച്ചു.

എട്ടു വര്‍ഷം നീണ്ട വിചാരണയ്ക്കു ശേഷം സാഹചര്യതെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീല, ഭര്‍ത്താവ് ബഷീര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രതികള്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് നോമ്പ് തുറക്കാനായി നബീസയെ വിളിച്ചു വരുത്തി നോമ്പ് കഞ്ഞിയില്‍ വിഷം ചേര്‍ത്താണ് കൊലപ്പെടുത്തിയത്.

മരണം ഉറപ്പാക്കിയ ശേഷം ചാക്കില്‍കെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. നേരത്തെ ഭര്‍തൃപിതാവിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതി ഫസീലയെ കോടതി അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകവും കൊലപാതക ശ്രമവും നടന്നത്.

Related Articles

Back to top button
error: Content is protected !!