
ഗാസയിലെ സൈനിക സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രായേൽ ഉദ്യോഗസ്ഥർ വാഷിംഗ്ടണിലെത്തുന്നുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവായ ഇസ്രയേൽ മന്ത്രി റോൺ ഡെർമർ അമേരിക്കയിലെത്തി യുഎസ് നേതാക്കളുമായി ചർച്ച നടത്തും. ബന്ദികളുടെ മോചനം ഉറപ്പാക്കാൻ ഹമാസുമായി കരാർ വേണമെന്ന നിർദേശം യുഎസ്, ഡെർമർക്ക് മുമ്പാകെ ഉന്നയിക്കും.
ഡൊണാൾഡ് ട്രംപ് ഒരാഴ്ചയ്ക്കുള്ളിൽ ഗാസയിൽ വെടിനിർത്തൽ ഉണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഹമാസ് ഒരു വെടിനിർത്തൽ നിർദേശത്തിൽ ഭേദഗതികൾ ആവശ്യപ്പെട്ടതായും, ഇത് സ്വീകാര്യമല്ലെന്ന് അമേരിക്ക അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കുക, സ്ഥിരമായ വെടിനിർത്തൽ, ഗാസയിലേക്ക് സഹായം തടയാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ട് വെക്കുന്നത്.
ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, നിലവിൽ ഒരു കരാറിലേക്കെത്തിച്ചേർന്നിട്ടില്ല. ഇസ്രായേൽ മന്ത്രിസഭയിൽ വെടിനിർത്തൽ ചർച്ച സംബന്ധിച്ച് ഭിന്നത രൂക്ഷമാണ്. ഇതിനിടെ, ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയും നിരവധി പലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യവും നിലനിൽക്കുന്നു.