താനൂരിൽ നിന്ന് കാണാതായി മുംബൈയിൽ കണ്ടെത്തിയ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റും

മലപ്പുറം താനൂരിൽ നിന്ന് കാണാതാവുകയും തിരച്ചിലിനൊടുവിൽ മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാർഥിനികളെ കെയർ ഹോമിലേക്ക് മാറ്റും. താനൂർ പോലീസ് മുംബൈയിൽ എത്തിയ ശേഷം പെൺകുട്ടികളെ കൈമാറും. താനൂർ സ്റ്റേഷനിലെ എസ്ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ കൊണ്ടുവരുന്നതിനായി തിരിച്ചിട്ടുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടികളുമായി ഇവർ നാട്ടിലേക്ക് തിരിക്കും. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനിൽ മുംബൈയിലെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികൾക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. വീട്ടിലേക്ക് പോകില്ലെന്നും വീട്ടിൽ പ്രശ്‌നങ്ങളുണ്ടെന്നും കുട്ടികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കെയർ ഹോമിലേക്ക് മാറ്റുന്നത്.
ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളെയാണ് കാണാതായത്. ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനികളെയാണ് കാണാതായത്. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.
ഇരുവരുടെയും ഫോണിൽ എടവണ്ണ സ്വദേശി റഹീം അസ്ലത്തിന്റെ പേരിലുള്ള സിം കാർഡിൽ നിന്ന് കോൾ വന്നതായി പോലീസ് കണ്ടെത്തി. ഈ നമ്പറിന്റെ ടവർ ലൊക്കേഷൻ മഹാരാഷ്ട്ര കാണിച്ചതോടെയാണ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്. ഇതിനിടെ കുട്ടികൾ മുംബൈയിലെ സലൂണിലെത്തി പതിനായിരം രൂപ നൽകി ഹെയർ ട്രീറ്റ്‌മെന്റ് നൽകിയ വിവരവും പോലീസിന് ലഭിച്ചു. ഇതിനിടെ പെൺകുട്ടികൾക്കൊപ്പം മുംബൈയിൽ എത്തിയ റഹീം കേരളത്തിലേക്ക് മടങ്ങിയിരുന്നു.