75 വയസായാൽ സന്തോഷത്തോടെ മാറി കൊടുക്കണമെന്ന് മോഹൻ ഭാഗവത്; ലക്ഷ്യം മോദിയെന്ന് പ്രതിപക്ഷം

75 വയസായാൽ വിരമിക്കണമെന്ന് ഓർമിപ്പിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രായമെത്തിയാൽ സന്തോഷത്തോടെ വഴി മാറണമെന്നാണ് മോഹൻ ഭാഗവതിന്റെ പരാമർശം. ആർഎസ്എസ് മേധാവി ലക്ഷ്യമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. മോദിക്കും മോഹൻ ഭാഗവതിനും സെപ്റ്റംബറിൽ 75 വയസ് തികയും
ആർഎസ്എസ് സൈദ്ധാന്തികൻ മോറോപന്ത് പിംഗ്ലയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിംഗ് തുടങ്ങിയ നേതാക്കളെല്ലാം 75 വയസ് തികഞ്ഞപ്പോൾ വിരമിക്കാൻ മോദി നിർബന്ധിച്ചു. ഇപ്പോൾ അതേ നിയമം തനിക്കും ബാധകമാക്കുമോ മോദി എന്ന് നോക്കാമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു
അതേസമയം മോദിക്ക് പ്രായപരിധിയിൽ നേരത്തെ ഇളവ് കൊടുത്തിട്ടുള്ളതാണെന്ന് ബിജെപി പറയുന്നു. അഞ്ച് വർഷം മുമ്പ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു. എന്നാൽ മോഹൻ ഭാഗവത് നിലവിൽ പ്രായപരിധി വിഷയം എടുത്തിട്ടത് ബിജെപിക്കുള്ള ആർഎസ്എസിന്റെ സന്ദേശമാണെന്നാണ് വിലയിരുത്തൽ