Technology

ഹൃദയം കവരാന്‍ മോട്ടോറോള; മോട്ടോ ജി75 5ജി പുറത്തിറങ്ങി

ഗുര്‍ഗോണ്‍: കാത്തിരിപ്പിനൊടുവില്‍ മോട്ടോറോളയുടെ ഏറ്റവും പുതിയ ജി സിരീസ് സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി75 5ജി ലോഞ്ച് ചെയ്തു. സ്നാപ്ഡ്രാഗണ്‍ 6 ജെനറേഷന്‍ 3 ചിപ്സെറ്റില്‍ വരുന്ന ഫോണ്‍ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ മാത്രമേ ആദ്യ ഘട്ടത്തില്‍ ലഭ്യമാവുകയുള്ളൂവെന്ന് ചിക്കാഗോ ആസ്ഥാനമായ അമേരിക്കന്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് നിറങ്ങളിലുള്ള ഫോണ്‍ യൂറോപ്പിന് പുറമെ ലാറ്റിനമേരിക്കയിലും തെരഞ്ഞെടുക്കപ്പെട്ട ഏഷ്യാ-പസിഫിക് രാജ്യങ്ങളിലുമാവും ആദ്യഘട്ടത്തില്‍ ലഭ്യമാകുക. ഇന്ത്യയില്‍ ഫോണ്‍ എപ്പോള്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. സ്നാപ്ഡ്രാഗണ്‍ 6 ജെനറേഷന്‍ 3 ചിപ്സെറ്റില്‍ 8ജിബി വേരിയന്റാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 299 യൂറോ (ഏതാണ്ട് 27,000 ഇന്ത്യന്‍ രൂപ) ആണ് 8ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മോഡലിന് യൂറോപ്പിലെ വില.

മിലിറ്ററി നിലവാരത്തിലുള്ള സുരക്ഷയാണ് ഈ സ്മാര്‍ട്ട്‌ഫോണിലുള്ളതെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.
മൈക്രോ എസ്ഡി കാര്‍ഡിലൂടെ സ്റ്റോറേജ് 1 ടിബി വരെയായി ഉയര്‍ത്താനാവുമെന്നതും പ്രത്യേകത തന്നെ. ഇരട്ട നാനോ സിം ഇടാന്‍ കഴിയുന്നതാണ് മോട്ടോ ജി75 5ജി സ്മാര്‍ട്ട്‌ഫോണ്‍. ആന്‍ഡ്രോയ്ഡ് 14 പ്ലാറ്റ്ഫോമില്‍ വരുന്ന ഫോണിനുള്ളത് 6.78 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി+ ഡിസ്പ്ലെ സ്‌ക്രീനിന് ഗോറില്ല ഗ്ലാസ് 5 സുരക്ഷയും സജ്ജമാക്കിയിട്ടുണ്ട്.

50 മെഗാപിക്സലിന്റെ സോണി ലിതിയ 600 പ്രധാന സെന്‍സറും 8 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ്-ആംഗിള്‍ മാക്രോ സെന്‍സറുമാണ് ഉള്‍പ്പെടുന്നത്. പൂജ്യത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് ചാര്‍ജ് എത്താന്‍ 25 മിനിറ്റ് മതിയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 16 എംപിയുടെതാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള മുന്‍ ക്യാമറ. മിലിറ്ററി നിലവാരത്തിലുള്ള എംഐഎല്‍ – എസ്ടിഡി 810എച്ച് സര്‍ട്ടിഫിക്കറ്റും ഐപി68 റേറ്റിംഗും വരുന്ന ഫോണ്‍ പൊടിപടലങ്ങളിലും വെള്ളത്തിനടിയിലും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.

ജിപിഎസ്, എല്‍ടിഇപിപി, ഗ്ലോനാസ്സ് ഗലീലിയോ, എന്‍എഫ്സി, ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, വൈഫൈ 802.11 എന്നിവയാണ് 5ജിക്ക് പുറമെ ഫോണിലുള്ള മറ്റ് കണക്റ്റിവിറ്റികള്‍. അസ്സെലെറോമീറ്റര്‍, ആംബ്യന്റ് ലൈറ്റ്, ഫ്‌ളിക്കര്‍ സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ തുടങ്ങി നിരവധി സെന്‍സറുകളും സൗഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്. 5,000 എംഎഎച്ച് ബാറ്ററിക്കൊപ്പം വരുന്നത് 30 വാട്ട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറും 15 വാട്ട്സ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമാണ്. എന്തായാലും മോട്ടറോളയുടെ ആരാധകരായ ഇന്ത്യക്കാര്‍ ഫോണ്‍ ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

Related Articles

Back to top button