നന്തൻകോട് കൂട്ടക്കൊലപാതക കേസ്; കേഡലിനെ കാത്തിരിക്കുന്നത് എന്ത്, ഇന്നറിയാം

തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കുടുംബത്തോടുള്ള അടങ്ങാത്ത പക കാരണം അച്ഛൻ, അമ്മ, സഹോദരി, ബന്ധു എന്നിവരെ പ്രതിയായ കേഡൽ ജിൻസൺ രാജ വെട്ടിക്കൊന്ന് കത്തിച്ചുവെന്നാണ് കേസ്.
പ്രൊഫസർ രാജാ തങ്കം, ഡോക്ടർ ജീൻ പത്മ, മകൾ കരോളിൻ, ബന്ധുവായ ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. 2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. രാജ തങ്കത്തെയും ജീൻ പത്മത്തെയും കരോളിനെയും ഏപ്രിൽ അഞ്ചിനും ലളിതയെ ഏപ്രിൽ ആറിനുമാണ് കൊലപ്പെടുത്തിയത്
എട്ടാം തീയതി മൃതദേഹങ്ങൾക്ക് തീയിട്ടു. ഈ സമയത്താണ് നാട്ടുകാർ വിവരം അറിയുന്നത്. ഇതിനിടയിൽ കേഡൽ ചെന്നൈയിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാൾ തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. മന്ത്രവാദം, ആസ്ട്രൽ പ്രൊജക്ഷൻസ് എന്നൊക്കെ പറഞ്ഞ് കേസിനെ വഴി തിരിച്ചുവിടാൻ കേഡൽ ശ്രമിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ചെറുപ്പം മുതൽക്കെ മാതാപിതാക്കളിൽ നിന്നുണ്ടായ അവഗണനയാണ് കൊലപാതകത്തിന് കാരണമായതെന്ന് ഇയാൾ പറഞ്ഞു.