മഹാകുംഭമേളയിൽ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 മരണം; നിരവധി പേർക്ക് പരുക്ക്
Jan 29, 2025, 08:38 IST
മഹാകുംഭമേളിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. നേരത്തെ മരണം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നില്ല. ഒടുവിലാണ് അപകടത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ടുകൾ വരുന്നത്. ബാരിക്കേഡുകൾ തകർത്ത് ജനക്കൂട്ടം മുന്നോട്ടുവന്നതോടെയാണ് അപകടം സംഭവിച്ചത്. സ്ത്രീകൾ ബോധരഹിതരായി വീണതോടെ ഇവരെ മൈതാനത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളേജിലേക്കും മാറ്റി അപകടത്തെ തുടർന്ന് അമാവാസി ദിനത്തിലെ അമൃത് സ്‌നാനം അവസാനിപ്പിച്ചു. ഗംഗാനദിയിലെ സ്‌നാനം അവസാനിപ്പിച്ച് മടങ്ങാൻ ഭക്തരോട് അഖാഡ പരിഷത്ത് ജനറൽ സെക്രട്ടറി മഹന്ത് ഹരി ഗിരി ആവശ്യപ്പെട്ടു.
