അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 133 ആയി ഉയർന്നു, അനുശോചിച്ച് പ്രധാനമന്ത്രി
Jun 12, 2025, 17:05 IST
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 133 ആയി ഉയർന്നു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമാണ് തകർന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. 1.38ന് ടേക്ക് ഓഫ് ചെയ്ത വിമാനം അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീഴുകയായിരുന്നു. 625 അടി ഉയരത്തിൽ നിന്നുവീണ വിമാനം തീഗോളമായി കത്തിയമരുകയായിരുന്നു. അപകടകാരണം കണ്ടെത്താൻ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അംഗം അഹമ്മദാബാദിലേക്ക് തിരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉടൻ അഹമ്മദാബാദിൽ എത്തും. 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരൻമാരും 7 പോർച്ചുഗീസ് പൗരൻമാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ ഒരാൾ മലയാളിയാണെന്ന വിവരവും വരുന്നുണ്ട്. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് അപകടത്തിൽപ്പെട്ടതായി സംശയിക്കുന്നത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
