സത്യവാങ്മൂലത്തിൽ സ്വത്തുവിവരം മറച്ചുവച്ചെന്ന് ആരോപണം; വിജയ്‌യുടെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച വിധി പറയും
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്‍റെ ബെഞ്ച് ബുധനാഴ്ച വിധി പ്രസ്താവിക്കും. വിജയ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് എസ് ദിനേശ് എന്നയാൾ ഹർജി നൽകിയിരിക്കുന്നത്. ഏകദേശം 30 കോടി രൂപ മൂല്യമുള്ള വസ്തുവിന്‍റെ വിവരങ്ങൾ വിജയ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, അതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തിന്‍റെ വിജയം അസാധുവാക്കണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.
കേസിൽ വിധി പറയുന്നതിന് മുൻപുള്ള വാദമുഖങ്ങൾ കേൾക്കവേ, ഹൈക്കോടതി ഹർജിക്കാരനോട് നിരവധി സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഏകദേശം 600 കോടി രൂപയുടെ ആസ്തി വെളിപ്പെടുത്തിയ ഒരാൾ, 30 കോടി രൂപയുടെ വിവരങ്ങൾ വിട്ടുപോയെന്ന കാരണം കൊണ്ട് അദ്ദേഹത്തിന് വോട്ട് ചെയ്യാൻ തീരുമാനിച്ച ഒരു വോട്ടറുടെ മനസ്സ് മാറുമോ? എന്ന് കോടതി ചോദിച്ചു. 600 കോടിയുടെ ആസ്തിയിൽ 30 കോടിയുടെ വിവരങ്ങൾ പൂർണ്ണമായി വെളിപ്പെടുത്താത്തത് അഴിമതിയായി കണക്കാക്കാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു.
ഹർജിക്കാരൻ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 81 കൃത്യമായി പാലിച്ചിട്ടില്ലെന്നും, ഹർജി നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളിക്കളയണമെന്നും വിജയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. തുടർന്ന് കേസിലെ വാദം പൂർത്തിയാക്കിയ മദ്രാസ് ഹൈക്കോടതി, ഹർജിയിൽ വിധി പറയാനായി ബുധനാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു
