ഇന്ത്യയുടെ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ട്രംപിനെ അനുവദിക്കുന്നു; മോദിക്ക് ട്രംപിനെ പേടിയെന്ന് രാഹുൽ ഗാന്ധി

rahul

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ട്രംപിനെ മോദി അനുവദിക്കുന്ന സ്ഥിതിയാണെന്ന് രാഹുൽ പറഞ്ഞു

മോദി ട്രംപിനെ ഭയക്കുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പറയാൻ ട്രംപിനെ അനുവദിച്ചിരിക്കുന്നു. ട്രംപിനെതിരെ ഇന്ത്യ ശക്തമായ ഭാഷയിൽ പ്രതികരിക്കണം. ഇന്ത്യൻ ധനകാര്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം റദ്ദാക്കണം. അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ഷാം എൽ ഷെയ്ഖ് ഉച്ചകോടിയിൽ നിന്ന് ഇന്ത്യ പിൻമാറണമെന്നും രാഹുൽ ആവശ്യപ്പെട്ടു

ട്രംപിന്റെ അവകാശവാദത്തെ തിരുത്താനോ ചോദ്യം ചെയ്യാനോ മോദി തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ട്രംപിന്റെ പ്രസ്താവന ഇന്ത്യയുടെ പരാമധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തിന്റെ വിദേശനയത്തെ കുറിച്ച് ഒരു വിദേശ നേതാവ് പ്രസ്താവന നടത്തിയത് പ്രധാനമന്ത്രി അംഗീകരിച്ചിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു
 

Tags

Share this story