തകർന്ന വിമാനത്തിന്റെ ഡിവിആർ കണ്ടെത്തി; അപകട കാരണം കണ്ടെത്തുന്നതിൽ നിർണായകമാകും
Jun 13, 2025, 14:52 IST
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തി. സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഗുജറാത്ത് എടിഎസാണ് ഡിവിആർ കണ്ടെത്തിയത്. അപകടം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താൻ നടക്കുന്ന അന്വേഷണത്തിൽ ഡിവിആറിലെ വിവരങ്ങൾ നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്. അപകട സ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ ആദ്യഘട്ട പരിശോധന പൂർത്തിയായിരുന്നു. ഗാന്ധിനഗറിൽ നിന്നുള്ള ഫോറൻസിക് ടീമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ബോയിംഗ് ഡ്രീംലൈനർ വിമാനങ്ങളിൽ വിദഗ്ധ പരിശോധന നടത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിമാന ദുരന്തം അന്വേഷിക്കുന്നതിനായി വിദഗ്ധ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ ആശ്രിതർക്കായി 360 കോടി രൂപ ഇൻഷുറൻസ് തുകയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ ഇൻഷുറൻസ് തുകയായി 1.5 കോടി രൂപ ൽകും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്.
