എംപിമാരുടെ പ്രതിഷേധത്തിനിടെ നാടകീയത; ആകാശവാണി ഭവനിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തെത്താൻ രാഹുല്‍
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിനിടെ നാടകീയത.
ആകാശവാണി ഭവനിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് എത്താനുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നീക്കം പൊലീസ് തടഞ്ഞു. രാഹുലിന് ഒപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു. ആകാശവാണിക്കും നിർവചൻ സദനും ഇടയിലെ ഗേറ്റ് പൂട്ടിയ നിലയിലാണ്. ആകാശവാണി ഭവന്റെ ഗേറ്റിനു സമീപത്തെ ആൽമരച്ചുവട്ടിൽ ഇരുന്നാണ് പ്രതിഷേധം.
ഷാഫി പറമ്പിൽ ഉൾപ്പെടെ എംപിമാർ ആകാശ് വാണി ഭവന് മുന്നിൽ എത്തി. കൂടുതൽ സേനയും ആകാശവാണി ഭവന് മുന്നിലെത്തിയിട്ടുണ്ട്. പുതിയ സമരകേന്ദ്രമായി ആകാശ്വാണി ഭവന്‍ മാറുകയാണ്. രണ്ട് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ് എംപിമാരുടെ പ്രതിഷേധം.
അതേസമയം കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. 3,000-ലധികം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ 4 കമ്പനികളും ഉൾപ്പെടെയുള്ള വൻ പോലീസ് വ്യൂഹത്തെയാണ് സുരക്ഷയ്ക്കായി രംഗത്തിറക്കിയത്. മാർച്ചിന്റെ ഏകോപനവും സുരക്ഷയും നിരീക്ഷിക്കുന്ന ഡൽഹി പോലീസ് ഡി.സി.പി. സചിൻ ശർമ ബോഡിക്യാം ധരിച്ച് നേരിട്ട് രംഗത്തുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
