വാഷ്റൂമിൽ എൻജിനീയറിങ് വിദ്യാർഥിനി ബലാത്സം​ഗത്തിനിരയായി; കോളേജിലെ ജൂനിയർ വിദ്യാർഥി അറസ്റ്റിൽ

Rape

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിനിയെ ശുചിമുറിയിൽ ജൂനിയർ വിദ്യാർഥി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ബസവനഗുഡിയിലെ ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായ ജീവൻ ഗൗഡയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം സെമസ്റ്റർ വിദ്യാർഥിനി ബലാത്സം​ഗത്തിനിരയായത്. ഒക്ടോബർ 10 നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിയെ തുടർന്ന് ഒക്ടോബർ 15 ന് ബിഎൻഎസ് സെക്ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വിദ്യാർഥിക്കുണ്ടായ മാനസിക വിഷമവും ഭയവും മൂലമാണ് പരാതി നൽകാൻ വൈകിയതെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളാണ് പൊലീസിനെ സമീപിച്ചത്.

വിദ്യാർഥിനി രാവിലെ 8.55 ന് കോളേജിൽ എത്തി. ഉച്ചകഴിഞ്ഞ് ചില സാധനങ്ങൾ വാങ്ങാൻ ജീവനെ കാണാമെന്ന് പറഞ്ഞു. ഉച്ചഭക്ഷണ ഇടവേളയിൽ, ജീവൻ പലതവണ വിളിച്ചപ്പോൾ, അവൾ അവനെ കാണാൻ പോയി. ഏഴാം നിലയിലെ ആർക്കിടെക്ചർ ബ്ലോക്കിലേക്ക് വരാനാണ് ഇയാൾ ആവശ്യപ്പെട്ടത്. ഏഴാം നിലയിലെത്തിയപ്പോൾ ജീവൻ ആദ്യം അവളെ ചുംബിക്കാൻ ശ്രമിച്ചതായും പറയുന്നു. തുടർന്ന് ലിഫ്റ്റിൽ കയറി ആറാം നിലയിലേക്ക് ഇറങ്ങി. ആറാം നിലയിൽ പുരുഷന്മാരുടെ ശുചിമുറിക്ക് സമീപമെത്തിയപ്പോൾ ജീവൻ വിദ്യാർഥിയെ അകത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 

ആക്രമണത്തിനിടെ, മുറി പൂട്ടിയ അയാൾ അവളുടെ ഫോൺ പിടിച്ചുവാങ്ങി പോക്കറ്റിൽ സൂക്ഷിക്കുകയും പെൺകുട്ടിയുടെ സുഹൃത്ത് വിളിച്ചപ്പോൾ കട്ടാക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1.30 നും 1.50 നും ഇടയിലാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. പിന്നീട് പെൺകുട്ടി പുറത്തുവന്ന് തന്റെ രണ്ട് സുഹൃത്തുക്കളെ വിവരം അറിയിച്ചു. ജീവൻ പിന്നീട് വിളിച്ച് ​ഗർഭനിരോധന മരുന്ന് വേണോ എന്ന് ചോദിച്ചതായും പരാതിയില്‍ പറയുന്നു.

Tags

Share this story