ലോക്സഭയിൽ പാസായി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ; കുറ്റക്കാർക്ക് 10 വർഷം തടവും 50 ലക്ഷം പിഴയും

പാർലമെൻ്റ്

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും മറ്റു ക്രമക്കേടുകളും കർശനമായി തടയാൻ ലക്ഷ്യമിട്ടുള്ള പൊതു പരീക്ഷാ (അന്യായമാർഗങ്ങൾ‌ തടയൽ) ഭേദഗതി ബിൽ, 2026 ലോക്‌സഭ പാസാക്കി. നീണ്ട ചർച്ചയ്ക്കൊടുവിൽ ശബ്ദവോട്ടോടെയാണ് ബുധനാഴ്ച ബിൽ പാസാക്കിയത്. പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതികൾ സർക്കാർ തള്ളി.

പരീക്ഷാ തട്ടിപ്പുകൾക്ക് പിന്നിലുള്ള വ്യക്തികൾക്കും സംഘടിത സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും ശക്തമായ ശിക്ഷ ഉറപ്പാക്കുകയെന്നതാണ് ബില്ലിന്‍റെ ലക്ഷ്യം. 2024ലെ നിയമത്തിൽ ഭേദഗതിയാണ് വരുത്തിയാണ് ബിൽ പാസാക്കിയത്. ഇതുപ്രകാരം പൊതുപരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകൾ വിചാരണ ചെയ്യാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഏതെങ്കിലും സെഷൻസ് കോടതിയെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയായി പ്രഖ്യാപിക്കാം. പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളിലെ വിചാരണ ദിനംപ്രതി തുടരുകയും കുറ്റപത്രം സമർപ്പിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കുകയും വേണം.

ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ബിൽ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നു. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. കേസുകൾ നടത്താൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒന്നോ അതിലധികമോ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കാം. വിധി, ശിക്ഷ, ഉത്തരവ് എന്നിവയ്ക്കെതിരേ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർ അടങ്ങുന്ന ബെഞ്ചിൽ അപ്പീൽ നൽകാം. അപ്പീൽ സ്വീകരിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം തീർപ്പാക്കാനും വ്യവസ്ഥയുണ്ട്.

ചോദ്യപേപ്പർ ചോർച്ചയിലോ പരീക്ഷാ തട്ടിപ്പിലോ നേരിട്ട് പങ്കാളികളാകുന്നവർക്ക് കുറഞ്ഞത് അഞ്ച് വർഷം മുതൽ പരമാവധി പത്ത് വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. സംഘടിത കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഏഴ് വർഷം തടവും 10 കോടി രൂപ വരെ പിഴയും നിർദേശിക്കുന്നു.

2024ൽ രാജ്യത്ത് വിവിധ പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ആദ്യമായി ഈ നിയമം കൊണ്ടുവന്നത്. അതിനു മുമ്പ് കേന്ദ്ര സർക്കാരും സർക്കാരിന്‍റെ ഏജൻസികളും നടത്തുന്ന പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ നേരിടാൻ പ്രത്യേക നിയമം ഉണ്ടായിരുന്നില്ല. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ, റെയ്ൽവേ റിക്രൂട്ട്മെന്‍റ് പരീക്ഷകൾ, ബാങ്കിങ് റിക്രൂട്ട്മെന്‍റ് പരീക്ഷകൾ, നാഷണൽ ടെസ്റ്റിങ് ഏജൻസി എന്നിവ നടത്തുന്ന പരീക്ഷകൾ ഉൾപ്പെടെയുള്ള കേന്ദ്ര പൊതുപരീക്ഷകളുടെ വിശ്വാസ്യത സംരക്ഷിക്കുകയാണ് നിയമത്തിന്‍റെ പ്രധാന ലക്ഷ്യം.

Tags

Share this story