എഫ്ഐആറുകൾ മെഡലുകൾ പോലെ; 100 എണ്ണം വേണം: കൂടുതൽ കേസുകൾ നേരിടാൻ തയാറാണെന്ന് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിന്‍റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഡൽഹി പൊലീസിന്‍റെ നീക്കത്തിനെതിരേ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

കൂടുതൽ കേസുകൾ നേരിടാൻ താൻ തയാറാണെന്നു വ‍്യക്തമാക്കിയ രാഹുൽ ഗാന്ധി തനിക്കെതിരേ 45 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തനിക്കെതിരേ 100 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യണമെന്നും എഫ്ഐആറുകൾ‌ തനിക്ക് മെഡലുകൾ പോലെയാണെന്നും കൂട്ടിച്ചേർത്തു.

ഡൽഹിയിലെ ജൻപഥിലുള്ള സാഗർ രത്ന റസ്റ്റോറന്‍റിൽ പ്രതിപക്ഷ നേതാക്കളുമായി ഉച്ചഭക്ഷണ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പരാമർശം. ജ്ഞാനേഷ് കുമാറിനെതിരേ ഇന്ത‍്യാസഖ‍്യം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്‍റെ പരാമർശം. ബുധനാഴ്ചയാണ് രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷ എംപിമാരും പ്രതിഷേധത്തിനായി ജന്തർ മന്തറിലേക്ക് നീങ്ങിയത്.

എന്നാൽ എംപിമാരെ ജന്തർ മന്തറിൽ എത്തുന്നതിന് മുൻപ് തട‍യുകയാണെന്ന് കോൺഗ്രസ് എംപി ഗുർജീത് സിങ് ഔജ്‌ല പറഞ്ഞു. ജ്ഞാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിനെതിരേ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. ജ്ഞാനേഷ് കുമാറിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്നും തങ്ങളുടെ ആവശ‍്യം അംഗീകരിക്കുന്നതു വരെ അത് തുടരുമെന്നും കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.

Tags

Share this story