ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായക പ്രക്രിയ പരിഷ്കാരങ്ങൾക്ക് അംഗീകാരം: വേഗത്തിൽ റീഫണ്ട്, എളുപ്പത്തിൽ രജിസ്ട്രേഷൻ, പരിശോധനകളിൽ നിയന്ത്രണം

നിർമല സീതാരാമൻ

ന്യൂഡൽഹി: ബിസിനസ്സ് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും നികുതിദായകർക്ക് ആശ്വാസം നൽകുന്നതിനുമായി 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായക പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകി. ജിഎസ്ടി 2.0 പരിഷ്കാരങ്ങളുടെ ഭാഗമായി നികുതി നിരക്കുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം, ഭരണപരമായ നടപടികളും നികുതി നിർവ്വഹണവും കൂടുതൽ സുതാര്യവും വേഗതയേറിയതുമാക്കുന്നതിനാണ് കൗൺസിൽ മുൻഗണന നൽകിയത്.

​പ്രധാന തീരുമാനങ്ങൾ:

വേഗത്തിലുള്ള റീഫണ്ട് (Faster Refunds): റിസ്ക് അസസ്മെന്റിന്റെ അടിസ്ഥാനത്തിൽ റീഫണ്ട് തുകയുടെ 90 ശതമാനവും ഉദ്യോഗസ്ഥരുടെ ഇടപെടലുകളില്ലാതെ തന്നെ പോർട്ടൽ വഴി വേഗത്തിൽ അനുവദിക്കും. റീഫണ്ട്, രജിസ്ട്രേഷൻ അപേക്ഷകളിൽ 10 ദിവസത്തിനകം തീർപ്പുകൽപ്പിക്കാനുള്ള വ്യവസ്ഥയും കൊണ്ടുവരുന്നു.

​എളുപ്പത്തിൽ രജിസ്ട്രേഷൻ (Easier Registration): ചെറുകിട സംരംഭകർക്കും ഇ-കൊമേഴ്സ് വ്യാപാരികൾക്കും ബിസിനസ്സ് രജിസ്ട്രേഷൻ നടപടികൾ കൂടുതൽ എളുപ്പമാക്കും.

പരിശോധനകളിൽ നിയന്ത്രണം (Fewer Checks): റോഡ് മാർഗ്ഗമുള്ള ചരക്കുനീക്കങ്ങൾ വഴിമധ്യേ തടഞ്ഞുനിർത്തിയുള്ള അനാവശ്യ പരിശോധനകൾക്ക് കർശന നിയന്ത്രണം. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജോയിന്റ് കമ്മീഷണർ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ അനുമതിയോടെ, ചരക്ക് പുറപ്പെടുന്ന അല്ലെങ്കിൽ എത്തുന്ന സംസ്ഥാനങ്ങൾക്ക് മാത്രമേ ഇനി പരിശോധന നടത്താനാകൂ.

​അറസ്റ്റ് അധികാരങ്ങളിൽ ഇളവ്: നികുതി ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന അറസ്റ്റ് അധികാരങ്ങളിൽ ഇളവ് വരുത്തുകയും പ്രോസിക്യൂഷൻ നടപടികൾക്കുള്ള പരിധി വർദ്ധിപ്പിക്കുകയും ചെയ്തു.

​ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) സംരക്ഷണം: സപ്ലയർമാർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലും തട്ടിപ്പുകളിൽ പങ്കാളിത്തമില്ലാത്ത യഥാർത്ഥ വാങ്ങലുകാരായ വ്യാപാരികൾക്ക് ഐടിസി നഷ്ടപ്പെടാതിരിക്കാനുള്ള സംരക്ഷണ വ്യവസ്ഥകൾ നടപ്പിലാക്കും.

​ചെറുകിട വ്യാപാരികളുടെ പരാതികൾ പരിഹരിക്കാനും, സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി നേരിട്ടുള്ള പരിശോധനകൾ കുറയ്ക്കാനും ഈ തീരുമാനങ്ങൾ സഹായിക്കും. 

Tags

Share this story