കന്നഡ ഭാഷാ വിവാദം: മാപ്പ് പറയില്ലെന്ന് കമൽഹാസൻ, തഗ് ലൈഫ് തൽക്കാലം കർണാടകയിൽ റിലീസിനില്ല
Jun 3, 2025, 17:27 IST
കന്നഡ ഭാഷയെ അപമാനിച്ചെന്ന വിവാദത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ. പരാമർശങ്ങൾ ദുരുദ്ദേശ്യത്തോടെ അല്ലെന്നും അതിനാൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും താരം ഹൈക്കോടതിയെ അറിയിച്ചു. പുതിയ ചിത്രമായ തഗ് ലൈഫ് കർണാടകയിൽ ഉടൻ റിലീസ് ചെയ്യുന്നില്ലെന്നും കമൽഹാസന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു കമൽഹാസന്റെ പരാമർശങ്ങളിൽ കർണാടക ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് മാപ്പ് പറയുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാൽ മാപ്പ് പറയാനില്ലെന്ന നിലപാടാണ് കമൽഹാസൻ സ്വീകരിച്ചത്. തഗ് ലൈഫിന്റെ കർണാടകയിലെ റിലീസിനായി കാത്തിരിക്കാൻ തയ്യാറാണെന്നും കമൽ അറിയിച്ചു തഗ് ലൈഫ് റിലീസുമായി ബന്ധപ്പെട്ട് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സുമായി കൂടുതൽ ചർച്ചകൾക്ക് സമയം അനുവദിക്കുന്നതിനായി ഒരാഴ്ചത്തെ അവധി അനുവദിക്കണമെന്നും നിർമാതാക്കളുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. അപേക്ഷ അംഗീകരിച്ച ഹൈക്കോടതി കേസ് അടുത്ത വാദത്തിനായി ജൂൺ 10ലേക്ക് മാറ്റി
