വന്ദേ മാതരത്തെ നെഹ്‌റു കഷ്ണങ്ങളാക്കി; മുദ്രാവാക്യം ഉയർത്തിയവരെ ഇന്ദിര ജയിലിൽ അടച്ചു: കോൺഗ്രസിനെതിരെ അമിത് ഷാ

Amith Shah

ന്യൂഡൽഹി: ബംഗാളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാർ വന്ദേ മാതരവുമായി ബന്ധപ്പെട്ട ചർച്ച നടത്തുന്നതെന്ന കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എംപിയുടെ പരാമർശത്തിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാ. വന്ദേ മാതരം ബംഗാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. അതുമായി ബന്ധപ്പെട്ട ചർച്ചകൾ യുവതലമുറയെ പ്രചോദിപ്പിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു. ചിലർ വന്ദേ മാതരത്തെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടുകയാണ്. വന്ദേ മാതരത്തിന്റെ മഹത്വം കുറച്ചുകാണിക്കാനാണ് അവർ ഇതെല്ലാം പറയുന്നത്. വന്ദേ മാതരത്തിന്റെ സ്രഷ്ടാവ് ബങ്കിം ചന്ദ്ര ചാറ്റർജി ജനിച്ചത് ബംഗാളിലാണ് എന്നാൽ വന്ദേ മാതരം ബംഗാളിൽ മാത്രം ഒതുങ്ങുന്നതല്ല. പ്രതിപക്ഷത്തിന് വന്ദേമാതരത്തിന്റെ മഹത്വം അറിയില്ല. ബംഗാൾ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചെന്നു പറഞ്ഞ് വന്ദേ മാതരത്തെ നിസ്സാരവൽക്കരിക്കുകയാണ്. ചർച്ചയും തിരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്ന് അമിത് ഷാ പറഞ്ഞു.

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജവഹർലാൽ നെഹ്‌റു വന്ദേ മാതരത്തെ കഷ്ണങ്ങളാക്കിയെന്നും പിന്നീട് രാജ്യത്തെതന്നെ വിഭജിച്ചുവെന്നും വന്ദേ മാതരം മുദ്രാവാക്യം വിളിച്ചവരെ ഇന്ദിരാഗാന്ധി ജയിലിൽ അടച്ചുവെന്നും അമിത് ഷാ പറഞ്ഞു.

വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ കോൺഗ്രസിനെ ഉന്നമിട്ട് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളിൽ ഇന്നലെ പ്രിയങ്കാ ഗാന്ധി എംപി വിമർശനമുന്നയിച്ചിരുന്നു. ബംഗാൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാരിന്‍റെ വന്ദേ മാതര നാടകമെന്ന് പ്രിയങ്ക പറഞ്ഞിരുന്നു വലിയ പ്രതിസന്ധികളാണ് രാജ്യത്തെ ജനങ്ങൾ നേരിടുന്നത്. സമസ്ത മേഖലകളിലും പ്രതിസന്ധിയാണ്. അതെല്ലാം മറച്ചുപിടിക്കാനാണ് വന്ദേ മാതരം ചർച്ച ചെയ്യുന്നത്. കോൺഗ്രസ് രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ്. ബിജെപി തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടിമാത്രം നിലകൊള്ളുന്ന പാർട്ടിയും. എത്ര തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും കോൺഗ്രസ് രാജ്യത്തിനുവേണ്ടി പോരാടുക തന്നെ ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു.

ദേശീയഗീതമായ വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയ്ക്ക് തുടക്കമിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോൺഗ്രസ് വിമർശനം. ജിന്നയുടെ ലീഗിന്‍റെ സമ്മർദത്തിനു വഴങ്ങി വന്ദേ മാതരത്തിലെ പ്രധാനവരികൾ നെഹ്‌റു ഒഴിവാക്കിയെന്ന് മോദി ചർച്ചയിൽ പറഞ്ഞു.1937 ഒക്ടോബർ 15 ന് മുഹമ്മദ് അലി ജിന്ന ലഖ്‌നൗവിൽ വെച്ച് വന്ദേ മാതരത്തിനെതിരെ മുദ്രാവാക്യം ഉയർത്തി. അഞ്ച് ദിവസത്തിന് ശേഷം, മുഹമ്മദ് അലി ജിന്നയുടെ വികാരത്തോട് യോജിക്കുന്നുവെന്ന് എന്ന് വ്യക്തമാക്കി നേതാജി സുഭാഷ് ചന്ദ്രബോസിന് നെഹ്‌റു കത്തെഴുതി. തുടർന്ന് കോൺഗ്രസ് വന്ദേ മാതരം രണ്ടായി വിഭജിക്കാൻ തീരുമാനിച്ചു. പിന്നീട് ലീഗിനുമുന്നിൽ മുട്ടുമടക്കി ഇന്ത്യയുടെ വിഭജനത്തിനും കോൺഗ്രസിന് സമ്മതിക്കേണ്ടി വന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

Tags

Share this story