ഡൽഹിയിൽ പ്രതിഷേധങ്ങൾക്ക് അനുമതി നൽകണം; ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താൻ ഡൽഹി പൊലീസ് അനുമതി നൽകണമെന്ന് നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി സമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് വിഷയം എത്തിയത്.
പൗരന്മാർക്കും വിദ്യാർഥികൾക്കും രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും എംപിമാർ ഉൾപ്പെടെയുള്ളവർക്കും സമാധാനപരമായ പ്രതിഷേധം നടത്താൻ പൊലീസ് അനുമതി നൽകുന്നില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കാൻ സമ്മതിച്ച ബെഞ്ച് സമാനമായ വിഷയങ്ങൾ ഇതിനകം കോടതിയുടെ പരിഗണനയിലുണ്ടോയെന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കി.
സമാധാനപരമായ പ്രതിഷേധങ്ങൾക്ക് അനുമതി നൽകാൻ ഡൽഹി പൊലീസിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യമെന്ന് അഭിഭാഷകൻ പറഞ്ഞു. സമാനമായ ഹർജികൾ നിലവിലുണ്ടെങ്കിൽ പരിശോധിച്ച ശേഷം മാത്രമേ ഹർജി ലിസ്റ്റ് ചെയ്യൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ തീരുമാനങ്ങൾക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങളായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പ് പ്രകടിപ്പിച്ചെന്ന മാധ്യമ റിപ്പോർട്ടിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു.
എന്നാൽ പല പ്രതിഷേധങ്ങൾക്കും ഡൽഹി പൊലീസ് അനുമതി നൽകിയിരുന്നില്ല. അനുമതി ഇല്ലാതെ പ്രതിഷേധങ്ങൾ നടന്നതോടെ സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ചയായിരുന്നു. രാഷ്ട്രീയപാർട്ടി, വിദ്യാർഥി നേതാക്കൾ എന്നിവർ ഉൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
