ഒക്റ്റോബർ 10 സമരത്തിന് മുൻപ് താൻ അടക്കമുള്ള സിജെപി നേതാക്കളെ സർക്കാർ അറസ്റ്റ് ചെയ്യുമെന്ന് സൗരവ് ദാസ്
ന്യൂഡൽഹി: ഒക്റ്റോബർ 10ന് ഡൽഹിയിലെ ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന സമരത്തിന് മുൻപ് താൻ അടക്കമുള്ള പാർട്ടിയുടെ നേതാക്കളെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആലോചിക്കുന്നതായി സിജെപി സഹകൺവീനർ സൗരവ് ദാസ് ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടാണ് സമരം.
സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, അശുതോഷ് റങ്ക, രത്ന സിങ് തുടങ്ങിയവരെ സർക്കാർ അറസ്റ്റ് ചെയ്യുമെന്നാണ് സൗരവ് ദാസിന്‍റെ ആരോപണം. എക്സ് പോസ്റ്റിലൂടെയാണ് സൗരവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച എന്തെങ്കിലും തെളിവുകൾ സൗരവ് നൽകിയിട്ടില്ല.
ജയിലിനെ അഭിമുഖീകരിക്കാൻ സിജെപി എപ്പോഴും തയ്യാറാണെന്ന് സൗരവ് പറഞ്ഞു. ''ഇത്തരം ഏകാധിപത്യപരമായ നടപടികൾ ഫലം ചെയ്യുമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ, അവർക്ക് തെറ്റി! യുവതലമുറ ഉണർന്നു കഴിഞ്ഞു. ഞങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും, നമ്മുടെ അവകാശങ്ങൾക്കും ഭാവിക്കും വേണ്ടി പോരാട്ടം തുടരണമെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ജയിൽവാസമോ അതിലും കഠിനമായ സാഹചര്യങ്ങളോ നേരിടാൻ സിജെപി എപ്പോഴും സജ്ജമാണ്''- സൗരവ് കുറിച്ചു.
'ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രു'വെന്ന് ജ്ഞാനേഷ് കുമാറിനെ സൗരവ് മുൻപ് വിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏറെ ദിവസങ്ങളായി രാജ്യത്ത് പ്രതിഷേധം ശക്തമായിട്ടും ജ്ഞാനേഷ് കുമാർ രാജി വയ്ക്കാത്തതിനാലാണ് സിജെപി ഒക്റ്റോബർ 10ന് സമരം നടത്താൻ തീരുമാനിച്ചത്. വിഷയത്തിൽ കഴിഞ്ഞയാഴ്ച മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന സമരത്തിന് പിന്നാലെയാണ് അഭിജീത് ദിപ്കെ ഒക്റ്റോബർ 10ലെ സമരം പ്രഖ്യാപിച്ചത്. സമരം തടയാൻ ഡൽഹി പൊലീസ് ശ്രമിച്ചാൽ എവിടെയാണോ അവർ തങ്ങളെ തടയുന്നത് അവിടം ജന്തർ മന്തറായി മാറുമെന്നാണ് അഭിജീത് എക്സിൽ കുറിച്ചത്.
