‘നെക്സ്റ്റ് ജെൻ ജിഎസ്ടി’ ഏകീകൃത നികുതി നിരക്കിലേക്കുള്ള വഴിതുറക്കും; ജിഎസ്ടിയിൽ വലിയ മാറ്റങ്ങൾ വരുമെന്ന് സൂചന

ന്യൂഡൽഹി: ഇന്ത്യയിൽ ‘ഒരൊറ്റ നികുതി സ്ലാബ്’ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയാണ് ‘നെക്സ്റ്റ് ജെൻ ജിഎസ്ടി’ (Next Gen GST) പരിഷ്കരണങ്ങളെന്ന് സൂചന. നിലവിലുള്ള നാല് തരം നികുതി സ്ലാബുകൾക്ക് പകരം രണ്ട് പ്രധാന സ്ലാബുകൾ മാത്രമാകും പുതിയ സംവിധാനത്തിലുണ്ടാവുകയെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെയാണ് ജിഎസ്ടി നികുതി നിരക്കുകൾ. ഇതിൽ 12%, 28% എന്നീ സ്ലാബുകൾ ഒഴിവാക്കി അവയിലെ ഉൽപ്പന്നങ്ങളെ 5%, 18% സ്ലാബുകളിലേക്ക് മാറ്റാനാണ് സാധ്യത. 12% സ്ലാബിലുള്ള 99% ഉത്പന്നങ്ങളും 5% സ്ലാബിലേക്ക് മാറ്റാനും, 28% സ്ലാബിലുള്ള 90% ഉത്പന്നങ്ങളും 18% സ്ലാബിലേക്ക് മാറ്റാനും നിർദ്ദേശമുണ്ട്. ഇത് സാധാരണക്കാർക്ക് വലിയ നികുതിയിളവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർ കണ്ടീഷണർ, റഫ്രിജറേറ്റർ തുടങ്ങിയ ആഡംബരമല്ലാത്ത ഉത്പന്നങ്ങളുടെ നികുതി നിരക്ക് 28% ൽ നിന്ന് 18% ആയി കുറയും.
പ്രധാനമന്ത്രി നരേന്ദ്ര മോദി 79-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‘നെക്സ്റ്റ് ജെൻ ജിഎസ്ടി’ പരിഷ്കരണങ്ങൾ ദീപാവലിയോടെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ജനങ്ങൾക്ക് നികുതിഭാരം കുറയുമെന്നും ചെറുകിട വ്യവസായങ്ങൾക്ക് വലിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, പുകയില ഉത്പന്നങ്ങൾ പോലുള്ള ‘സിൻ ഗുഡ്സ്’ വിഭാഗത്തിലുള്ളവക്ക് 40% എന്ന പ്രത്യേക നികുതി നിരക്ക് ബാധകമായേക്കാം.
ഈ മാറ്റങ്ങൾ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില കുറയ്ക്കുന്നതിനും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് വേഗത നൽകുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഭാവിയിൽ ‘ഒരൊറ്റ നികുതി, ഒരു രാജ്യം’ എന്ന ലക്ഷ്യം പൂർണ്ണമായി കൈവരിക്കാൻ ഈ പരിഷ്കാരങ്ങൾ വഴിയൊരുക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.