നിനക്കായ്: ഭാഗം 5
രചന: ആൻ എസ്
ചന്ദ്രോത്ത് തറവാട് ഇളമുറക്കാരുടെ വിവാഹത്തിനായി ഒരുങ്ങിത്തുടങ്ങി. വിവാഹം ക്ഷണിക്കാനും സദ്യവട്ടങ്ങൾ ക്കുള്ള ഒരുക്കങ്ങൾക്കായും വാസുദേവനും ചന്ദ്രനും സദാസമയം തിരക്കിട്ട ഓട്ടത്തിലാണ്. വീട് ചായം തേച്ച് മോടി പിടിപ്പിക്കുന്നതിൻറെയും, പന്തൽ ഒരുക്കുന്നതിൻറെയും ബന്ധുമിത്രാദികളുടെ വന്നു പോക്കിൻറെയും തിരക്കിലാണ് ലക്ഷ്മി അമ്മയും മായാവതിയും മീനുവും.
ഇതിനിടയിൽ മാളുവിന് മാത്രം പരീക്ഷയെക്കുറിച്ച് ആയിരുന്നു ആധി മുഴുവനും. കല്യാണത്തിന് ഒരാഴ്ച മുൻപ് വരെ പരീക്ഷ ഉണ്ട്. വീട്ടിലാണെങ്കിൽ സദാസമയവും തിരക്കും ബഹളവും. ഒന്ന് മനസ്സിരുത്തി പഠിക്കാനോ സ്വപ്നം കാണാനോ നേരമില്ല. ബന്ധുക്കളുടെ തിരക്ക് കഴിഞ്ഞ് രാത്രിയാകും എന്തെങ്കിലും പഠിക്കാൻ നേരം ഒഴിഞ്ഞ് കിട്ടുന്നത്.
കണ്ണനാണെങ്കിൽ ജോലിയുടെ ട്രെയിനിങ്ങിന് ഇടയ്ക്ക് മാളുവിനോട് മര്യാദയ്ക്ക് ഫോൺ ചെയ്തു സംസാരിക്കാൻ പോലും നേരമില്ല. വിളിച്ചാൽ തന്നെ സംസാരം ചെന്ന് നിൽക്കുക അവളുടെ പഠിത്ത കാര്യത്തിലും പരീക്ഷ കാര്യത്തിലും ഒക്കെയാവും.
ഇതിലും ഭേദം വേലയും കൂലിയും ഇല്ലാതെ ബസ് സ്റ്റോപ്പിലും കോളേജ് പരിസരത്തും അമ്പലമുറ്റത്തുതും ഒക്കെ തന്നെ ചുറ്റിപ്പറ്റി നടക്കുന്ന കണ്ണേട്ടൻ ആയിരുന്നു എന്ന് മാളുവിനും തോന്നി…
“സാധാരണ കല്യാണം കഴിഞ്ഞ് കുറച്ച് കഴിയുമ്പോഴാണ് ആണുങ്ങൾക്ക് സ്നേഹം കുറയും എന്ന് പറഞ്ഞു കേട്ടിട്ടുള്ളത്.. എൻറെ കാര്യത്തിൽ മാത്രം നിശ്ചയം കഴിഞ്ഞതേ ഇങ്ങനെയായി…”അവൾ ഇടയ്ക്കൊക്കെ പരിഭവം പറഞ്ഞെങ്കിലും കണ്ണൻ അത് ചിരിച്ചുതള്ളി.
മീനാക്ഷി വൈകിട്ടായാൽ കിച്ചുവുമായി ഫോണിൽ സംഭാഷണം തന്നെയാവും. അവിടുത്തെ അച്ഛനുമമ്മയും സിദ്ധുവും എല്ലാം ദിവസത്തിൽ ഒരിക്കലെങ്കിലും അവളെ ഫോണിൽ വിളിക്കും. മാളുവിന് ആണെങ്കിൽ അപ്പച്ചി സദാസമയവും തറവാട്ടിൽ ഉള്ളതിനാൽ ഫോണിൽ വിളിക്കേണ്ട കാര്യമില്ല. പോരാത്തതിന് കല്യാണം കഴിയുന്നതുവരെ അവളോട് അപ്പച്ചിയുടെ വീട്ടിലേക്ക് ചെല്ലരുത് എന്നും മുത്തശ്ശി വിലക്കിയിട്ടുണ്ട്.
ആഭരണങ്ങൾ നേരത്തെ എടുത്തു വെച്ചെങ്കിലും വസ്ത്രങ്ങൾ കണ്ണൻ കൂടി വന്നതിന് ശേഷം എടുക്കാം എന്ന് തീരുമാനിച്ചു.മാളുവിൻറെ പരീക്ഷ കഴിയുന്ന വീക്കെൻഡിൽ കണ്ണൻ നാട്ടിലെത്തും.അന്നുതന്നെ കിച്ചുവിൻറെ വീട്ടുകാരും വരാമെന്ന് സമ്മതിച്ചു. എല്ലാവർക്കും പരസ്പരം പരിചയപ്പെടാനുള്ള അവസരം ആയിരുന്നു അത്.
പരീക്ഷയ്ക്കുള്ള ഉറക്കം ഒഴിച്ചുള്ള പഠിത്തവും കല്യാണത്തിനുള്ള തിരക്കും ആകെക്കൂടി മാളു തളർന്നു പോയി എന്നായിരുന്നു എല്ലാവർക്കും പരാതി. നാട്ടിലെത്തിയ കണ്ണനെ കണ്ടതും അത് മാറിക്കിട്ടി. അവൻ ആകെ ക്ഷീണിച്ച് പോയപ്പോൾ ഉള്ളതിനെൻറെ പകുതിയായിരിക്കുന്നു . ഹോട്ടലിലെ ഭക്ഷണവും വീട് വിട്ടു നിൽക്കുന്നതിൻറെ ബുദ്ധിമുട്ടും ആണെന്ന് പറഞ്ഞ് അവൻ എല്ലാവരിൽനിന്നും ഒഴിഞ്ഞു മാറി.
ഒരേ ഡിസൈനിലുള്ള ചില്ലി റെഡ് കളർ സാരിയാണ് മണവാട്ടിമാർക്കായി എടുത്തത്. അത് കണ്ടതും കിച്ചുവും കണ്ണനും ഓഫ് വൈറ്റിൽ ഡിസൈനുള്ള ഒരേ പോലത്തെ കുർത്തയും മുണ്ടും തന്നെ സെലക്ട് ചെയ്തു. എന്നാൽ പിന്നെ തങ്ങൾ ആയിട്ട് കുറയ്ക്കുന്നില്ല എന്ന് പറഞ്ഞു സിദ്ധുവും അപ്പുവും ഒരേ മോഡലിലുള്ള കളർഫുൾ കുർത്തയും മുണ്ടും സെലക്ട് ചെയ്തു. സാവിത്രിയും മായാവതിയും ഒരേ പോലത്തെ സാരിയും ജനാർദ്ദനനും ചന്ദ്രനും വാസുദേവനും ഒരു പോലത്തെ ഷർട്ടും മുണ്ടും സെലക്ട് ചെയ്തു. കളിചിരികളും സന്തോഷങ്ങളും നിറഞ്ഞ വസ്ത്രം എടുപ്പ് കഴിഞ്ഞതും മനസ്സുകൊണ്ട് എല്ലാവരും ഒരു കുടുംബം പോലെ ആയിരുന്നു.
മാളുവിന് ആയുള്ള താലിയും മാലയും മോതിരവും ഒക്കെ അടുത്ത ദിവസം മാളുവിനോടും കണ്ണനോടും ഒരുമിച്ചു പോയി സെലക്ട് ചെയ്തോളാൻ പറഞ്ഞു മായാവതി. അപ്പുവിൻറെ വകയായിരുന്നു അതെല്ലാം. കുറേ ദിവസത്തിനുശേഷം കണ്ണനുമൊത്ത് തനിയെ സമയം ചിലവഴിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു മാളു. അവൾ രാവിലെ തന്നെ ഒരുങ്ങി സുന്ദരിയായി കണ്ണനായി കാത്തുനിന്നു.
“നിനക്ക് വേണ്ട സാധനങ്ങൾ ഒക്കെ നോക്കി വാങ്ങിച്ചോ പെണ്ണെ .. കല്യാണത്തിന് എൻറെ ഭാര്യക്ക് ഒന്നിനും ഒരു കുറവ് വരുന്നത് എനിക്കിഷ്ടമല്ല..” അവൾ വണ്ടിയിൽ കയറിയതും മാളുവിൻറെ കൈയിൽ പിടിച്ചു കൊണ്ട് കണ്ണൻ പറഞ്ഞു.
കിട്ടിയ തക്കത്തിന് ചാന്തു ,പൊട്ട് തുടങ്ങി മാളു അത്യാവശ്യമുള്ളള്ളതും ഇല്ലാത്തതും എല്ലാം വാങ്ങി കൂട്ടി. കോളേജ് അടച്ചപ്പോഴേ ഫ്രണ്ട്സിനെല്ലാം വാക്കു കൊടുത്തിരുന്നു കല്യാണത്തിന് മുൻപേ എവിടെയെങ്കിലും ഒത്തുകൂടി ട്രീറ്റ് കൊടുത്തേക്കാം എന്ന്. ഒരിക്കലും നടക്കില്ലെന്ന് അറിയാമെങ്കിലും വെറുതെ മാളു ചോദിച്ചതും എല്ലാത്തിനെയും ബീച്ചിലേക്ക് ക്ഷണിച്ച് കൊള്ളാൻ കണ്ണൻ അനുവാദം കൊടുത്തു .
“എൻറെ കണ്ണേട്ടൻ തന്നെയാ ബെസ്റ്റ്..”. അവൾ സന്തോഷം കൊണ്ട് അവനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ കൊടുത്തു.
“ഉവ്വ… എത്രകാലം ഇതൊക്കെ പറയുമെന്ന് ദൈവത്തിനറിയാം…” അവൻ അവളെ കളിയാക്കി..
വെയിലത്ത് ബീച്ചിൽ കൂട്ടുകാരുമൊത്ത് കുട്ടികളെപ്പോലെ ഓടിക്കളിക്കുന്ന മാളുവിൻറെ സന്തോഷം നോക്കി കാണുകയായിരുന്നു കണ്ണൻ .ബിരിയാണിയും ഐസ്ക്രീമും ഒക്കെയായി അവളുടെ കൂട്ടുകാർക്ക് ഗംഭീര ട്രീറ്റ് തന്നെ കൊടുത്തു. വരുന്ന വഴിക്ക് ജ്വല്ലറിയിൽ കയറി പേര് എഴുതിവെച്ച മോതിരങ്ങളും മാളുവിന് ഇഷ്ടപ്പെട്ട തരത്തിലുള്ള താലിയും വാങ്ങിച്ചു.
തിരിച്ച് വീട്ടിലേക്കുള്ള വഴിയിൽ മാളു പതിവില്ലാതെ നിശബ്ദയായിരുന്നു. എന്താ പ്രശ്നം എന്ന് ഒന്നുരണ്ട് തവണ ചോദിച്ചെങ്കിലും അവൾ ബുദ്ധിമുട്ട് ഒന്നും പറഞ്ഞില്ല. വയറ്റിൽ കൊളുത്തി പിടിത്തം സഹിക്കാൻ വയ്യാതായതും അടിവയറ്റിൽ കൈ മുറുകെ പിടിച്ചു കരച്ചിലായി. അവളുടെ ഭാവമാറ്റം കണ്ടതും പേടിച്ചുപോയ കണ്ണൻ വേഗം വണ്ടി തിരിച്ചു.
അപ്പുവിൻറെ ഹോസ്പിറ്റലിനു മുന്നിലാണ് വണ്ടി നിന്നത്. അപ്പുവും അമൃതയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. കാഷ്വാലിറ്റിയിൽ പുതിയതായി ചാർജെടുത്ത ഒരു ലേഡിഡോക്ടർ ആയിരുന്നു. പരിശോധിച്ച് കഴിഞ്ഞതും യൂറിനറി ഇൻഫെക്ഷൻ ആണ് വില്ലൻ. തിരക്കുകൾക്കിടയിൽ മാളുവിൻറെ വെള്ളം കുടി ഒക്കെ നന്നേ കുറവായിരുന്നു പോരാത്തതിന് വിശ്രമമില്ലാത്ത ഓട്ടവും ഉറക്കക്കുറവും. ക്ഷീണം മാറാൻ
ട്രിപ്പ് ഇടാനുള്ള മരുന്നിൻറെ ബില്ലടക്കാൻ പോകുന്ന വഴിക്കാണ് കണ്ണൻ സിദ്ധാർത്ഥിനെ കാണുന്നത്. വിവരമറിഞ്ഞതും അവൻ മാളുവിൻറെ മുറിയിലേക്ക് ചെന്നു ഡോക്ടറോട് വിവരങ്ങളൊക്കെ തിരക്കി. അവൻറെ ബന്ധുവാണെന്ന് അറിഞ്ഞതും ഡോക്ടർ ഡീറ്റെയിൽ ആയി ചില ടെസ്റ്റുകളും സ്കാനിങ് കൂടി ചെയ്യാൻ എഴുതിക്കൊടുത്തു.
കണ്ണൻ തിരികെ വന്നതും അവരുടെ ലോകത്ത് കട്ടുറുമ്പ് ആകാൻ നിൽക്കാതെ സിദ്ധാർത്ഥ് തൻറെ റൂമിലേക്ക് പോയി. കണ്ണൻ വാസുദേവനെ വിവരം അറിയിക്കാൻ വിളിച്ചത് ആണെങ്കിലും അയാൾ ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു .കണ്ണൻറെ മുഖത്തെ ടെൻഷൻ കണ്ടതും മാളുവിന് ചിരിവന്നു.
“എൻറെ കണ്ണേട്ടാ ഞാൻ ചത്ത് പോകത്ത് ഒന്നുമില്ല.. ഇങ്ങനെ മസിലുപിടിച്ച് ഇരുന്ന് ചുമ്മാ സീൻ ഡാർക്ക് ആക്കാതെ ..”
“നീ മിണ്ടരുത്.. ഇത്തിരി വെള്ളം കുടിക്കേണ്ട ബുദ്ധിമുട്ടല്ലേ ഉണ്ടായിരുന്നുള്ളൂ നിനക്ക് .. അതിനു പോലും വയ്യാഞ്ഞിട്ടല്ലേ ഇപ്പൊ അട്ടം നോക്കി കിടക്കേണ്ടി വന്നത്..
സാധാരണ കെട്ടിയോള് പ്രസവിക്കാൻ പോകുമ്പോഴാണ് ആണുങ്ങൾ ഇങ്ങനെ തീ തിന്നേണ്ടി വരുന്നത്…
ഒരു കണക്കിന് നന്നായി .. എനിക്ക് ഇപ്പോഴേ അതിന് പ്രാക്ടീസ് ആയല്ലോ ” കുസൃതിയോടെ അവളെ നോക്കി പറഞ്ഞു.
“അയ്യടാ പുളുസൂ.. ഇതൊക്കെ ആണല്ലേ ഉള്ളിലെ ചിന്ത..”
“പിന്നെ.. കല്യാണത്തിന് ഇനി രണ്ടുമൂന്നു ദിവസം മാത്രം . കെട്ടാൻ പോകുന്ന പെണ്ണിനെ പറ്റി ഞാൻ വേറെ എങ്ങനെയാ ചിന്തിക്കേണ്ടത്?” കണ്ണൻ അത് ചോദിച്ചതും അവളുടെ മിഴികൾ നാണം കൊണ്ട് കൂമ്പിപ്പോയി.
“എന്താ മോനേ പറ്റിയത് ” വാസുദേവൻ മുറിയിലേക്ക് ഓടിക്കിതച്ചെത്തി.
അപ്പോഴേക്കും സ്കാനിങ് റിപ്പോർട്ടുമായി സിദ്ധാർത്ഥും വന്നിരുന്നു. അവൻ അയാൾക്ക് വിശദമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തു. പേടിക്കാൻ ഒന്നും ഇല്ലെന്നും ട്രിപ്പ് തീർന്നതും ഡിസ്ചാർജ് ആയി കൊള്ളാനും പറഞ്ഞു. സിദ്ദു അവിടെ ഉണ്ടായിരുന്നത് വല്ലാത്ത ഒരു ആശ്വാസമായി വാസുദേവന് തോന്നി.
കാത്തിരുന്ന വിവാഹ ദിവസം വന്നെത്തി. രാവിലെ ചേച്ചിയുമൊത്ത് മാളു അമ്പലത്തിലെത്തി.
പട്ടുടുത്ത് ആടയാഭരണങ്ങൾ ഇട്ട് തുളസിപ്പൂ മാലയണിഞ്ഞ് നിൽക്കുന്ന ദേവിയും പതിവിലേറെ സുന്ദരി ആയിട്ടുണ്ട് എന്ന് തോന്നി. തിരു രൂപം കണ്ണുകളിൽ നിറച്ച് പ്രാർത്ഥിച്ച് തുടങ്ങിയതും തൊട്ടടുത്ത് കണ്ണേട്ടൻറെ സാമീപ്യം മാളു അറിഞ്ഞു.
തങ്ങളെ ചേർത്തു വച്ചതിന് ദേവിയോട് ഒരായിരം നന്ദി പറഞ്ഞു. പ്രാർത്ഥിച്ച് കഴിഞ്ഞിട്ടും കണ്ണേട്ടൻ കാര്യമായി എന്തോ തൊഴുതു നിൽക്കുന്നത് കണ്ടു.. സൂക്ഷിച്ച് നോക്കിയപ്പോൾ കണ്ണുകളിൽ നനവ് പടർന്നിട്ടുണ്ട് എന്ന് തോന്നി.
“മാളു നീ വരുന്നുണ്ടോ?..
കല്യാണം ഒന്ന് കഴിഞ്ഞോട്ടെ മോളെ .. ജന്മം മുഴുവൻ അവനെ തന്നെയാ നിനക്ക് കണ്ടുകൊണ്ടിരിക്കാൻ ഉള്ളത്…” ചേച്ചി വന്ന് കയ്യിൽ പിടിച്ച് തിരക്ക് കൂട്ടിയതിനാൽ അവനോട് സംസാരിക്കാൻ കഴിഞ്ഞില്ല. .
വീട്ടിലെത്തിയതും ബ്യൂട്ടീഷൻമാർ കാത്തു നിൽപ്പുണ്ടായിരുന്നു. രണ്ടുപേരുടെയും ഒരുക്കങ്ങളും പുടവയും ആഭരണങ്ങളും ഒക്കെ ഒരുപോലെ തന്നെ ആയിരുന്നു . മുത്തശ്ശി ആഭരണപ്പെട്ടിയിൽ നിന്നും രണ്ടുപേർക്കും ഒരേപോലെയുള്ള മുല്ലമൊട്ട് മാലകൾ സമ്മാനിച്ചു. അമ്മ പണ്ട് വാങ്ങിച്ചു വെച്ചതാണത്രേ. അത് കഴുത്തിലണിഞ്ഞ് കഴിഞ്ഞതും അമ്മ ചുറ്റുമുള്ള തിരക്കുകളിൽ എവിടെയോ നിന്ന് നോക്കുന്നത് പോലെ തോന്നി മാളുവിന്. ഒരുങ്ങി കഴിഞ്ഞപ്പോൾ ചേച്ചിയും താനും രണ്ടല്ല ഒന്ന് തന്നെ എന്ന് തോന്നി. രണ്ടു മക്കളും അനുഗ്രഹം വാങ്ങിക്കുമ്പോൾ അച്ഛൻറെ കണ്ണുകൾ നിറഞ്ഞു വന്നു. ദക്ഷിണ വച്ച് കഴിഞ്ഞതും അപ്പച്ചി കണ്ണേട്ടൻറെ കൂടെ വരാനായി യാത്ര പറഞ്ഞിറങ്ങി.
മുറ്റത്തുനിന്നും വരൻമാർക്കുള്ള സ്വീകരണ മേളങ്ങൾ കേട്ടുതുടങ്ങി. ആദ്യമെത്തിയത് കിച്ചുചേട്ടനും ആളുകളും തന്നെ ആയിരുന്നു. നിലവിളക്കും ആരതിയും ഒക്കെയായി ചേച്ചിയെ പന്തലിലേക്ക് ആനയിച്ചു കൊണ്ടുപോയി. ചേച്ചി കൂടി പോയതോടെ സംഭരിച്ചു വച്ചിരുന്ന ധൈര്യം എല്ലാം പോയി ഉള്ളിൽ വിറയൽ വരുന്നതറിഞ്ഞു . ചെറുപ്പം തൊട്ടേ കാണാറുണ്ടെങ്കിലും കണ്ണേട്ടനേ അഭിമുഖീകരിക്കുന്നത് ഓർത്തപ്പോൾ ആദ്യമായി ചമ്മൽ നിറഞ്ഞു .
മുഹൂർത്തം ആകാൻ ആയിട്ടും കണ്ണേട്ടനേ കണ്ടില്ലല്ലോ എന്നോർത്തതും അപ്പച്ചിയുടെ ഉച്ചത്തിലുള്ള നിലവിളി മുറ്റത്ത് നിന്നും കേട്ടു. ചന്ദ്രമാമ കരച്ചിലടക്കാൻ പറഞ്ഞ് അപ്പച്ചിയെ ആശ്വസിപ്പിക്കാൻ നോക്കുന്നതും കേൾക്കുന്നുണ്ട്. എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല.
ചന്ദ്രൻ മാമയുടെ പിടിയിൽ നിന്നും കുതറി അപ്പച്ചി എൻറെ നേരെ അകത്തേക്ക് ഓടി വന്നു.
“പറ്റിച്ചു മോളെ… എൻറെ രണ്ടു മക്കളും എന്നെയും നിന്നെയും എൻറെ ചേട്ടനെയും ഒക്കെ പറ്റിച്ചു..
എന്നാലും നിന്നോട് അവൻ ഇതെന്തിന് ചെയ്തു മോളേ?.
അവൻറെ ജീവനായിരുന്നു നീ…. എന്നിട്ടും ..
നിന്നെ വിട്ട് എവിടെപ്പോയാലും അവൻ ഗുണം പിടിക്കില്ല..”
കണ്ണേട്ടനേ ശപിച്ചു കൊണ്ട് അപ്പച്ചി എന്തൊക്കെയോ പുലമ്പുന്നു. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. അടുത്തേക്ക് വന്നു അപ്പച്ചി എന്നെ മുറുകെ കെട്ടിപ്പിടിച്ച് കയ്യിൽ ഒരു കടലാസു കഷണം വെച്ചു തന്നു.
“മാളു നിന്നെ കണ്ണന് ജീവനാണ്.
ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ ഒന്നും മറന്നിട്ടില്ല.
നീയല്ലാതെ കണ്ണൻറെ ജീവിതത്തിൽ മറ്റൊരു പെൺകുട്ടിയും ഉണ്ടാവുകയും ഇല്ല.
പക്ഷേ ഇപ്പോൾ നിന്നെ വിവാഹം ചെയ്യാൻ എനിക്ക് ആകില്ല. കൂടുതലൊന്നും പറയാനില്ല..പോകുന്നു… എന്നെന്നും നിൻറെ മാത്രം കണ്ണേട്ടൻ..”
വായിച്ച് കഴിഞ്ഞതും കടലാസ് കഷണം കയ്യിൽനിന്നും ഊർന്ന് താഴെ വീണു. കണ്ണുകൾ കടലാകുന്നതറിഞ്ഞു. കണ്ണേട്ടന് കാര്യമായി എന്തോ ആപത്തു സംഭവിച്ചതായി മാത്രം തോന്നി.
“എന്താ മോളെ അതിൽ എഴുതിയിരിക്കുന്നത്” അച്ഛൻ ധൃതിയിൽ അടുത്തേക്ക് വന്നു. കുനിഞ്ഞുനിന്ന് കടലാസ് തുണ്ട് തപ്പി പിടിച്ചെടുത്തു വായിക്കുന്നത് കണ്ടു.
“എൻറെ രണ്ടു മക്കളെയും നിൻറെ മക്കൾ ചതിച്ചല്ലേ?”
അപ്പച്ചിയോടാണ് ചോദ്യം.
പിന്നെ ഒരുന്മാദ അവസ്ഥയിൽ തോറ്റുപോയവനെ പോലെ നിലത്തിരുന്ന് തലയ്ക്കടിച്ച് തേങ്ങിക്കരച്ചിൽ ആയി. ചേച്ചി പന്തലിൽ നിന്നും ഓടി വന്നു അച്ഛൻറെ കൈകൾ പിടിച്ചു വെക്കുന്നത് കണ്ടു.
“അപ്പു പോയിട്ടുണ്ട് കണ്ണനെത്തേടി.. എവിടെയാണെങ്കിലും മുഹൂർത്തത്തിന് മുമ്പ് അവനെ കണ്ടുപിടിച്ചു കൊണ്ടുവരും. നീ ഇങ്ങനെ തളരല്ലേ…”
കണ്ടുനിൽക്കുന്ന ജനാർദ്ദനൻ ആവും വിധത്തിൽ വാസുദേവനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് .
“എന്തിന് ?
എൻറെ മകൾക്ക് ഇനി അവനെ വേണ്ട…
അവളേ വിവാഹം കഴിക്കാൻ സമ്മതമല്ല എന്നെഴുതി വെച്ചിട്ടല്ലേ അവൻ പോയത്.
എൻറെ കുഞ്ഞിനെ മരണത്തിലേക്ക് തള്ളി വിട്ടാലും അവനിനി കൊടുക്കില്ല…” അച്ഛൻറെ വാക്കുകൾ ഉറച്ചതായിരുന്നു.
കേട്ട് കഴിഞ്ഞതും മാളു ആർത്തു വിളിച്ച് കരഞ്ഞു.
“അങ്ങനെ ഒന്നും പറയല്ലേ മാഷേ.. നമ്മുടെ മാളു കരയുന്നത് കണ്ടില്ലേ…” ജനാർദ്ദനൻറെ വായിൽ നിന്നും അത് കേട്ടതും അച്ഛൻ അയാളെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു.
” നിങ്ങളുടെ മകൻ സിദ്ധാർത്ഥ് എൻറെ മാളുവിന് ഒരു ജീവിതം കൊടുക്കുമോ?. എൻറെ സകല സമ്പാദ്യങ്ങളും തരാം.. എൻറെ കുഞ്ഞിനെ ദയവായി ഉപേക്ഷിക്കരുത്..ഞാൻ നിങ്ങളുടെ കാല് പിടിക്കാം. .” അയാളുടെ കാലിൽ വീണ് കരയുന്ന അച്ഛൻറെ സമനില നഷ്ടപ്പെട്ടുവെന്ന് തോന്നി മാളുവിന്. .
“എന്താ മാഷേ ഈ കാട്ടുന്നത്.. ഇങ്ങനെ കരയാതെ..” ജനാർദ്ദനൻ തൻറെ നിസ്സഹായത പ്രകടിപ്പിച്ചു.
“എല്ലാവർക്കും സമ്മതമാണെങ്കിൽ സിദ്ധാർത്ഥ് മാളുവിനെ വിവാഹം കഴിക്കും..” സാവിത്രി ആണ് അതിന് മറുപടി നൽകിയത്. ഇത്തവണ മറ്റാരെക്കാളും ഞെട്ടിയത് സിദ്ധാർത്ഥ് ആയിരുന്നു. ചുറ്റും കൂടിനിന്നവരിൽ എല്ലാം നിശബ്ദത പരന്നു.
“എനിക്ക് സമ്മതമല്ല…
എൻറെ കണ്ണേട്ടന് എന്താണ് പറ്റിയെന്ന് ആരെങ്കിലും ഒന്ന് അന്വേഷിക്കൂ…” അപ്പച്ചിയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് മാളു പറഞ്ഞുകൊണ്ടിരുന്നു..
“എൻറെ മോൻ ആണെങ്കിലും നിന്നോടവൻ കാണിച്ചത് നെറികേടാണ്. ഏട്ടൻ പറഞ്ഞതാണ് ശരി. നിന്നെ അവൻ ഇനി അർഹിക്കുന്നില്ല.. മോളുടെ അമ്മയുടെ സ്ഥാനത്തു നിന്നാണ് അപ്പച്ചി പറയുന്നത്… മോള് അച്ഛൻ പറയുന്നത് അനുസരിക്കണം”
അപ്പച്ചിയും കൈവെടിഞ്ഞു. മുത്തശ്ശിയെ ആശ്രയ ത്തിനായി നോക്കിയെങ്കിലും അവിടെയും കരുണയൊന്നും കണ്ടില്ല.
ഒടുവിൽ സിദ്ധാർത്ഥ്.. അയാളെ യാചനാ ഭാവത്തിൽ നോക്കി ഒന്ന് എതിർത്തു കൂടെ എന്ന അർത്ഥത്തിൽ..
മാളു നോക്കുന്നത് കണ്ടെങ്കിലും മുഖം താഴ്ത്തി കളഞ്ഞതല്ലാതെ ഒരുവാക്ക് അവൻ ഉരിയാടിയില്ല.
സിദ്ധാർത്ഥിൻറെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണമാല ഊരി അതിൽ കൊരുത്ത താലി മാളുവിനെ സുമംഗലിയാക്കി. അവൻറെ കൈകൾകൊണ്ട് സിന്ദൂര രേഖ ചുവന്നതും കണ്ണേട്ടൻറെ ചുംബനങ്ങളാൽ തരളിതമായിരുന്ന നെറ്റിതടങ്ങൾ പൊള്ളി പിടയുന്നത് പോലെ തോന്നി മാളുവിന്.
വാസുദേവൻ മകളുടെ കൈകൾ സിദ്ധാർത്ഥിൻറെ കൈകളോട് കൂട്ടിച്ചേർത്തപ്പോൾ അവൻറെ കൈകളും വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
തന്നെ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ കണ്ണനോടും തൻറെ സമ്മതം പോലും ചോദിക്കാതെ താലി ചാർത്തിയ സിദ്ധാർത്ഥിനോടും മാളുവിന് ഒരേ അളവിൽ വിദ്വേഷം തോന്നി.
ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു.
……തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…