Gulf

കുവൈറ്റ് അമീറിന്റെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിച്ച മൂന്നു പേര്‍ക്ക് തടവ്

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീറിന്റെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിക്കുകയും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ മൂന്നു പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലാണ് കുറ്റക്കാര്‍ക്കെതിരേ കുവൈറ്റ് ക്രിമിനല്‍ കോടതി മൂന്നു വര്‍ഷവും രണ്ട് വര്‍ഷവും വീതം ശിക്ഷ വിധിച്ചത്. അതോടൊപ്പം കുറ്റക്കാര്‍ക്ക് ജയിലില്‍ കഠിന തൊഴില്‍ നല്‍കണമെന്നും കോടതി വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അമീറുമായി ബന്ധപ്പെട്ട രഹസ്യരേഖകളെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് ഒരു കേസില്‍ രണ്ട് പ്രതികളെ കോടതി ശിക്ഷിച്ചത്. രണ്ടാമത്തെ കേസില്‍, അമീറിന്റെ അധികാരത്തില്‍ ഇടപെട്ടതിനും എക്‌സ് പോസ്റ്റുകള്‍ വഴി അമീറിനെ അപകീര്‍ത്തിപ്പെടുത്തിയതിനും മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് അവസരമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു കേസില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലെ ജഡ്ജിയെ അപമാനിച്ചതിന് അല്‍ അറബിക് ക്ലബ്ബ് പ്രസിഡന്റ് അലോദല്‍ അസീസ് അഷൂറിന് കുവൈറ്റ് അപ്പീല്‍ കോടതി മൂന്ന് മാസം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!