USAWorld

യുദ്ധം ചെയ്യാൻ കഴിയാത്തവർ വേണ്ട’; ട്രാൻസ്‌ജെൻഡർ സൈനികരെ ഒഴിവാക്കാൻ യുഎസ് : നടപടികൾ ആരംഭിച്ചു

വാഷിംഗ്ടൺ: ട്രാൻസ്‌ജെൻഡർ സൈനികരെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ ഒരുങ്ങി അമേരിക്ക. പെന്റഗൺ ഇത് സംബന്ധിച്ച മെമോ പുറത്തിറക്കി. സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കാത്ത പക്ഷം 30 ദിവസത്തിനകം ട്രാൻസ്‌ജെൻഡർ സൈനികരെ പിരിച്ചുവിടുമെന്ന് പെന്റഗൺ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. എന്നാൽ യുദ്ധമുഖത്ത് പോരാടാൻ കഴിവുള്ളവർക്ക് ഇളവ് ലഭിച്ചേക്കാം. അല്ലാത്തവർക്ക് സൈന്യത്തിൽ തുടരാൻ യോഗ്യത ഉണ്ടായിരിക്കില്ല എന്നും പെന്റഗൺ വ്യക്തമാക്കി.

ഇളവ് ലഭിക്കണമെങ്കിൽ സാമൂഹികമോ തൊഴിൽപരമോ ആയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലെന്ന് തെളിയിക്കുകയും, തുടർച്ചയായ 36 മാസത്തെ ലിംഗപരമായ സ്ഥിരത പ്രകടിപ്പിക്കുകയും വേണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. സൈനിക റിക്രൂട്ട്മെന്റിലെ വളരെ നിർണായക ഘടകമായ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ‘അയോഗ്യത’ എന്ന് രേഖപ്പെടുത്തി ട്രാൻസ്ജെൻഡർമാരെ സൈന്യത്തിൽ നിന്ന് നീക്കം ചെയ്യാനാണ് യുഎസിന്റെ പദ്ധതി എന്ന് നേരത്തെ റിപോർട്ടുകൾ വന്നിരുന്നു.

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രാൻസ്ജെൻഡർമാരെ രാജ്യത്തിൻറെ സൈനിക സേവനങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്ന് ജനുവരി അവസാനത്തോടെ ഉത്തരവിട്ടിരുന്നു. നിലവിൽ സൈന്യത്തിൽ ഉള്ള ട്രാൻസ്ജെൻഡർമാർക്ക് സർവീസിൽ തുടരാമെന്നും എൽജിബിടിക്യു വിഭാഗത്തില്പെട്ടവരെ സൈന്യത്തിലേക്ക് ഇനി പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ ഉത്തരവ്. 2016ൽ അന്നത്തെ പ്രസിഡന്റ് ആയിരുന്ന ബരാക് ഒബാമയാണ് ട്രാൻസ്ജെൻഡർമാർക്ക് സൈന്യത്തിൽ ചേരുന്നതിനുള്ള വിലക്ക് നീക്കം ചെയ്തത്. ഇതോടെയാണ് സൈന്യത്തിലെ ട്രാൻസ്‌ജെൻഡർ നിയമനങ്ങൾ ആരംഭിച്ചത്. എന്നാൽ ആദ്യ ട്രംപ് ഭരണകൂടം 2019ൽ ഇതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

പിന്നീട് 2021ൽ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും ഈ നിയന്ത്രണങ്ങൾ ഇല്ലാതാക്കി, യോഗ്യതയുള്ള എല്ലാ അമേരിക്കക്കാർക്കും രാജ്യത്തെ സേവിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന് രണ്ടാം ട്രംപ് ഭരണകൂടം അധികാരത്തിലേറിയതോടെ വീണ്ടും സൈന്യത്തിൽ ജോലി ചെയ്യുന്ന ട്രാൻസ്‌ജെൻഡർ സൈനികരുടെ ഭാവി അനിശ്ചിതത്വത്തിലായി. നിലവിൽ യുഎസ് സൈന്യത്തിന്റെ ഭാഗമായി 15000 ട്രാൻസ് സൈനികരാണ് പ്രവർത്തിക്കുന്നത്

Related Articles

Back to top button
error: Content is protected !!