പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 12

എഴുത്തുകാരി: തപസ്യ ദേവ്‌

പവിത്രയുടെ മുഖത്തെ അസ്വസ്ഥത വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ പത്മവും ശ്രദ്ധിച്ചു. കാരണം തിരക്കിയെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറി.

അമ്മ പിന്നെയും അതു തന്നെ ചോദിച്ചോണ്ട് ഇരുന്നപ്പോൾ അവൾ ആകാശിനെ വിളിച്ച കാര്യം തിരക്കി.

” ആഹ് ഞാൻ ആകാശിനെ വിളിച്ചു…..നിന്നെ തനിച്ചാക്കി വരാൻ പറ്റില്ല അവളെയോ കുഞ്ഞിനേയോ ഇങ്ങോട്ട് വിടാൻ പറഞ്ഞു. അത് അവന് അത്ര രസിച്ചില്ലെന്ന് തോന്നുന്നു. പുണ്യയും മോളും അവിടെ തന്നെ നിന്നോട്ടെ അവൻ നോക്കിക്കോളാമെന്ന്. ”

” അമ്മ പോയി നിൽക്കുന്നെങ്കിൽ പൊക്കോ അമ്മേ… എന്റെ കാര്യം ഓർത്ത് ടെൻഷൻ അടിക്കേണ്ട… എനിക്ക് ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നതിൽ പ്രശ്നം ഒന്നുമില്ല. ”

” നീ ഒന്ന് ചുമ്മാതെ ഇരുന്നേ പെണ്ണേ അതിന്റെ ആവശ്യം ഒന്നുമില്ല… എനിക്ക് എന്റെ മക്കൾ എല്ലാം ഒരുപോലാ… പിന്നെ ഇപ്പോൾ കുറച്ചൂടെ കരുതൽ വേണ്ടത് നിന്റെ കാര്യത്തിൽ ആണ്. ബാക്കിയുള്ളവർക്ക് എല്ലാം ഒരു തുണ ഉണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ ഇനിയൊരു സംസാരം ഇല്ല ”

അമ്മയുടെ ഉറച്ച വാക്കുകൾ കേട്ടപ്പോൾ പവിത്രയുടെ മനസ്സിൽ സന്തോഷം തോന്നി. കുറ്റപ്പെടുത്തലുകളും ദേഷ്യപ്പെടലുകളും ഉണ്ടെങ്കിലും ഉള്ളിന്റെ ഉള്ളിൽ അമ്മയുടെ ഉള്ളിൽ തനിക്കായി സ്നേഹവും കരുതലും ഉണ്ട്.

സന്ധ്യ കഴിഞ്ഞപ്പോൾ രാജേഷ് അപ്പച്ചിയെയും പവിത്രയെയും കാണാൻ എത്തി. അപ്പച്ചിയോട് കുറച്ചു നേരം സംസാരിച്ചിരുന്നിട്ടും മുറിയിൽ നിന്നും പുറത്തേക്ക് പവിത്രയെ കാണാതെ വന്നപ്പോൾ അവൻ മുറിയിലേക്ക് ചെന്നു.

ഏതോ ബുക്കും തുറന്നു വെച്ച് ആലോചനയിൽ ആയിരുന്നു അവൾ. രാജേഷ് മുറിയിൽ വന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല.

” എന്താണ് ഇത്ര വലിയ ആലോചന… ”
പവിത്രയുടെ കയ്യിൽ നിന്നും ബുക്ക്‌ വാങ്ങി നോക്കികൊണ്ട്‌ അവൻ ചോദിച്ചു. രാജേഷിനെ കണ്ടതും അവളുടെ മുഖം വിടർന്നു.

” ആഹാ എപ്പോൾ വന്നു ഏട്ടൻ ”

” ഞാൻ വന്നതേയുള്ളെടി.. ഒരു കുളിയും കഴിഞ്ഞു നേരെ ഇങ്ങോട്ട് പോന്നു. അപ്പച്ചിയോട് കഥ പറഞ്ഞിരിക്കുവാരുന്നു. നിന്നെ കണ്ടില്ല അങ്ങോട്ട് അതാ തിരക്കി വന്നത്. ”

” മ്മ് പിന്നെ വന്നിട്ട് കൂട്ടുകാരനെ കണ്ടോ ”

” ആര് ഡേവിച്ചനെയോ… വന്നപ്പോഴേ ഞാൻ പത്തായപ്പുരയിലേക്ക ചെന്നത്. അവൻ അവിടെ ഇല്ല. കടയിൽ എന്തോ പോയിരിക്കുവാ… ”

ബുക്ക്‌ മേശമേൽ വെച്ചിട്ട് അവൻ പുറത്തേക്ക് ഇറങ്ങി. പുറകേ പവിത്രയും ചെന്നു. അവർ സിറ്റ്ഔട്ടിലേക്ക് വന്നിരുന്നു. പത്മവും കൂടെ അവരുടെ അടുത്ത് ചെന്നിരുന്നു.

” അല്ല ഏടത്തിയും കുഞ്ഞും വന്നില്ലേ ഏട്ടാ ”
ആ ചോദ്യം കേട്ടതും രാജേഷിന്റെ മുഖം മങ്ങി.

” അവളുടെ വകയിൽ ഏതോ ചിറ്റപ്പന്റെ കാലൊടിഞ്ഞു കിടക്കുന്നു. അവൾക്ക് അവിടെ പോയെ പറ്റു. ഇങ്ങോട്ട് വരുന്ന വഴി അവളെ അവിടെ ആക്കിയിട്ടാ ഞാൻ വന്നത്. ”

അവന്റെ സ്വരത്തിൽ പുച്ഛവും അമർഷവും നിറഞ്ഞിരുന്നു.

” വെറുതെയാ അപ്പച്ചി അവൾക്ക് ഇവിടെ വന്നു നിൽക്കാൻ പറ്റില്ല. ഒരു നേരം എന്റെ അച്ഛനും അമ്മയ്ക്കും വെള്ളം എടുത്തുകൊടുക്കാൻ അവൾക്ക് വയ്യാ… അതിന് ഓരോ കാരണങ്ങൾ ഉണ്ടാക്കുന്നതാണ് ”

” നീ വിഷമിക്കാതെ മോനെ… നമ്മുക്ക് പതിയെ അവളെ പറഞ്ഞു തിരുത്താം ”
പത്മം അവനെ സമാധാനിപ്പിക്കാനായി പറഞ്ഞു.

ദൂരെ നിന്നും ഡേവിഡിന്റെ വണ്ടി വരുന്നത് പവിത്ര കണ്ടു.

” ആഹ് ഡേവിഡ് വരുന്നുണ്ട് ”
മുറ്റത്ത് വണ്ടി നിർത്തി ഇറങ്ങിയ ഡേവിഡ് തന്റെ അടുത്തേക്ക് വരുന്ന രാജേഷിനെ കണ്ടു.

ഡേവിച്ചോ എന്ന വിളിയുമായി വന്ന രാജേഷ് അവനെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു.

” ഡാ നീ എപ്പോ വന്നു…?? ”

” കുറച്ചു നേരമായെടാ… നിന്നെ തിരക്കിയപ്പോൾ നീ കടയിൽ സാധനം വാങ്ങിക്കാൻ പോയേക്കുവാണെന്ന് അപ്പച്ചി പറഞ്ഞു. ”

” മ്മ് ഞാൻ ഇതൊക്കെ ഒന്ന് അകത്തേക്ക് വെക്കട്ടെ.. നീ അങ്ങോട്ട് ചെല്ല്.. കണ്ടില്ലേ ഹിറ്റ്ലർ ദീദിയുടെ നോട്ടം. ”

തങ്ങളെ തന്നെ നോക്കി നിൽക്കുന്ന പവിത്രയെ അവൻ കണ്ണുകൾ കൊണ്ട് രാജേഷിന് കാണിച്ചു കൊടുത്തു.

” എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചറിയാൻ നിന്നെ കാത്തിരിക്കുവായിരുന്നു എന്ന എനിക്ക് തോന്നുന്നത് ”
ഡേവിഡ് അകത്തേക്ക് പോയപ്പോൾ രാജേഷ് പവിത്രയ്ക്ക് അടുത്തേക്ക് ചെന്നു. പത്മം അടുക്കളയിലേക്ക് പോയിരുന്നു.

” അപ്പൊ എന്തൊക്കെയാണ് പവിത്രക്കുട്ടിയുടെ സംശയങ്ങൾ… ചോദിച്ചാട്ടെ ”

” ഈ ഡേവിഡ് പണ്ട് ഇവിടെ വന്നിട്ടുള്ള ഏട്ടന്റെയും മാധവിന്റെയും കൂട്ടുകാരൻ ഡേവിച്ചൻ ആണോ ”

” അതെ അവൻ തന്നെയാണ് നിനക്ക് മനസിലായില്ലാരുന്നോ ”
രാജേഷ് ചെറുചിരിയോടെ തിരക്കി.

” ആഹ് എനിക്ക് സംശയം തോന്നിയിരുന്നു ”
പവിത്ര മുറിയിലേക്ക് തിരികെ പോയി. പെട്ടെന്ന് ഇവൾക്ക് ഇതെന്ത് പറ്റിയെന്നു ഓർത്തോണ്ട് അവൻ ഡേവിഡിന്റെ അടുത്തേക്ക് പോയി.

” സംശയങ്ങൾ ഒക്കെ തീർത്തു കൊടുത്തോടാ….”

” അവൾക്ക് നീ പണ്ടത്തെ ഡേവിച്ചൻ ആണോന്ന് സംശയം ഉണ്ടായിരുന്നു അത്രേ…”

” പിന്നെ സംശയം അവൾക്ക് ആദ്യം എന്നെ മനസ്സിലായൊന്നും ഇല്ലെടാ ”

” ആഹ് അതെന്തേലും ആകട്ടെ… നീ വന്ന കാര്യം വല്ലതും നടക്കുമോ ”

രാജേഷിന്റെ ചോദ്യത്തിന് മറുപടിയില്ലാതെ അവൻ നിന്നു. രാജേഷ് വീണ്ടും ചോദ്യം ആവർത്തിച്ചു.

” മ്മ് നടക്കും നടക്കാതെ ഇരിക്കില്ല എന്നാണ് എന്റെ വിശ്വാസം. ഒരിക്കൽ എന്നെ കബളിപ്പിച്ചു വിട്ടതാണ്. ഇത്തവണ ആ തടസം മുന്നിൽ ഇല്ലല്ലോ ”

” അതിലും വലിയ തടസം ആണ് ഇപ്രാവശ്യം മറികടക്കാൻ ഉള്ളതെന്ന കാര്യം നീ മറക്കണ്ട ”

” ഇല്ലെടാ രാജേഷേ മറന്നിട്ടില്ല. ഒക്കെ ശെരിയാക്കി എടുക്കണം… അതിനുവേണ്ടി ആണല്ലോ ഞാൻ വന്നിരിക്കുന്നത്. ”
ഡേവിഡിന്റെ മുഖവും ശബ്ദവും മുറുകിയിരുന്നു.

” ആഹ് അതൊക്കെ വിട് നീ വാ നമ്മുക്ക് അപ്പച്ചിയുടെ സ്പെഷ്യൽ ഫുഡ് തട്ടാം ”

രാജേഷ് ഡേവിഡിനെയും കൂട്ടി വീടിനകത്തേക്ക് കേറി. ആഹാരം കഴിക്കുന്നതിനിടയിൽ പലതവണ ഡേവിഡ് പവിത്രയെ നോക്കിയെങ്കിലും അങ്ങനെ ഒരാൾ അവിടെ ഇരിപ്പുണ്ട് എന്ന ഭാവം പോലും ഇല്ലാതെയാണ് അവൾ കഴിച്ചോണ്ട് ഇരുന്നത്.
ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചു നേരം കൂടി അവരോടൊപ്പം ചിലവഴിച്ചിട്ടാണ് രാജേഷ് അവന്റെ വീട്ടിലേക്ക് പോയത്.

അവൻ പോകുന്നതിന് മുൻപായി പവിത്രയോട് ഒന്ന് ഡേവിഡിന് സംസാരിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവന്റെ മുഖത്തേക്ക് പോലും നോക്കാൻ താല്പര്യമില്ലാത്ത പോലെയായിരുന്നു അവളുടെ ഭാവം.

******************

രമ്യയും മാധവും ബാംഗ്ലൂരിൽ നിന്നും തിരിച്ചു വന്നെന്ന് രാവിലെ പത്മം പറയുന്നത് കേട്ടപ്പോൾ മുറ്റത്ത് നിന്നു ബൈക്ക് കഴുകി കൊണ്ടിരുന്ന ഡേവിഡ് പവിത്രയെ നോക്കി. അവൾ അത് കണ്ടെങ്കിലും അറിയാത്ത രീതിയിൽ തന്നെ നിന്നു.

” ഇനി മാധവ് മോൻ ഇങ്ങോട്ട് ഓടി വരുമല്ലോ ഡേവിച്ചൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞാൽ ”

” ആ അതെ ”
അമ്മയുടെ ചോദ്യത്തിന് അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

” കൂട്ടുകാർക്ക് ഇനി ഒരുമിച്ച് എന്തൊക്കെ പ്ലാൻ ചെയ്യാൻ ഉണ്ടാകും ”
പവിത്ര പുച്ഛത്തോടെ ഡേവിഡിനെ നോക്കി. പത്മം ഒന്നും മനസിലാകാതെ അവരെ നോക്കി.

” അല്ല അമ്മച്ചി ഒരുപാട് നാള് കൂടി കാണുന്നതല്ലേ അപ്പൊ ഒരുമിച്ച് കൂടുന്ന കാര്യമായിരിക്കും പവിത്ര മേഡം ഉദ്ദേശിച്ചത്.. ”
അവൻ ചിരിയോടെ പവിത്രയെ നോക്കി. കത്തുന്ന മിഴികളോടെ അവളും അവനെ നോക്കി.
പത്മം അകത്തേക്ക് പോകാൻ കാത്തിരുന്നത് പോലെ പവിത്ര ഡേവിഡിന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു.

” മനസ്സിൽ എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് ഇപ്പോഴേ വേണ്ടെന്ന് വെക്കുന്നതായിരിക്കും തനിക്ക് നല്ലത്. അതല്ല മാധവും ഒത്ത് തറ പരിപാടിക്ക് ഒരുങ്ങാൻ ആണ് പോകുന്നതെങ്കിൽ രാജേഷ് ഏട്ടൻ വെച്ചേക്കില്ല രണ്ടിനെയും. എന്തിനാ ഏട്ടൻ പവിത്ര ഒറ്റയ്ക്ക് തന്നെ ധാരാളമാ ”

ഇത്രയും പറഞ്ഞു പവിത്ര പോയി കഴിഞ്ഞും ഡേവിഡ് അതെ നിൽപ്പ് നിൽക്കയാണ്.

” ഇവിടിപ്പോ എന്താ ഉണ്ടായേ ആരാ പടക്കം പൊട്ടിച്ചേ ”
അവൻ തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു കൊണ്ട് തന്റെ മുറിയിലേക്ക് നടന്നു.

” ഈ പവിത്ര മേഡം എന്താണോ ഉദ്ദേശിച്ചത് ”
അവൻ തലയ്ക്കു കൈയ്യും കൊടുത്ത് കസേരയിൽ ഇരുന്നു.

ഇതേ സമയം ഡേവിഡ് പവിത്രയുടെ വീട്ടിലേ പത്തായപ്പുരയിൽ താമസം ആയെന്ന വിവരം രാജേഷിൽ നിന്നും അറിഞ്ഞ മാധവിന്റെ കണ്ണുകളും കുറുകി.
പഴയ സൗഹൃദം പുതുക്കാൻ അവൻ ഡേവിഡിനെ കാണാൻ എത്തി.

ചിരിച്ചുല്ലസിച്ചു കഥ പറയുന്ന അവരെ കാണുംതോറും പവിത്രയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഒപ്പം രമ്യ നിൽക്കുന്നത് കൊണ്ടവൾ അമർഷം ഉള്ളിലൊതുക്കി.

” എന്താ ഡേവിച്ചായാ കല്യാണം ഒന്നും വേണ്ടായോ ”
രമ്യയുടെ വക ആയിരുന്നു ആ ചോദ്യം.

” വേണം കൊച്ചേ സമയം ആയില്ല ”

” ഇനി എപ്പോഴാ മൂക്കിൽ പല്ല് മുളച്ചിട്ടോ… ദേ കൂട്ടുകാരെല്ലാം കെട്ടി കൊച്ചുങ്ങളുമായി.. ഇനി മോനും വേണ്ടേ ജീവിതം ”
പത്മം മാധവിനെ കാണിച്ചു കൊണ്ട് ഡേവിഡിനോടായി പറഞ്ഞു.

” എന്നെ കണ്ടാൽ അത്ര പ്രായം പറയുമോ അമ്മച്ചി…
പിന്നെ ജീവിതം അത് ഒരാൾക്കായി മാറ്റി വെച്ചിരിക്കുവാ…
ജീവിച്ചു തുടങ്ങാൻ സമയം ആയിട്ടില്ല ”

അതുപറയുമ്പോൾ അവന്റെ കണ്ണുകൾ പവിത്രയിൽ ആണെന്നുള്ളത് രമ്യയും മാധവും കണ്ടു. രമ്യയുടെ മനസ്സിൽ സന്തോഷം ആയിരുന്നെങ്കിൽ മാധവിന്റെ ഉള്ളിൽ ഡേവിഡിനോട് ദേഷ്യം ആയിരുന്നു.

താൻ മോഹിച്ചത് സ്വന്തമാക്കാൻ വന്നവൻ ആണ് ഡേവിഡ് എന്ന് അവന് തോന്നി. എങ്കിലും പുറമെ അവൻ തെളിഞ്ഞ മുഖത്തോടെ ഇരുന്നു.

” നല്ലൊരു ക്രിസ്ത്യാനി പെൺകൊച്ചിനെ കണ്ടുപിടിച്ചു ഇവനെ കൊണ്ട് മിന്നു കെട്ടിക്കണം. ആഹ് ഇനി ഞങ്ങൾ ഇവിടെ തന്നെ ഉണ്ടല്ലോ… ”
മാധവ് ഇല്ലാത്ത ചിരി ചുണ്ടുകളിൽ നിറച്ചു കൊണ്ട് പറഞ്ഞു.

അവരുടെ സംഭാഷണം കേൾക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ട് തന്നെ പവിത്ര മുറിയിലേക്ക് പോയി. അത് നന്നായെന്ന് ഡേവിഡിനും തോന്നി. കാരണം മാധവിന്റെ കഴുകൻ കണ്ണുകൾ അവളെ കൊത്തിവലിക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു . അല്പനേരം കൂടെ അത് തുടർന്നിരുന്നേൽ അവനെ വിളിച്ചു എണീൽപ്പിച്ചു കൊണ്ടു പോകാൻ ഇരിക്കയായിരുന്നു ഡേവിഡ്.

പവിത്രയുടെ പുറകേ നടന്നു ഡേവിഡിന്റെ ഗുണഗണങ്ങൾ വർണ്ണിക്കയാണ് രമ്യ. ഓരോ ജോലി ചെയ്യുന്ന പവിത്രയെ കേൾപ്പിക്കാനായി
അവൾ പത്മത്തിനോട് എന്ന രീതിയിൽ ആണ് എല്ലാം പറയുന്നത്.
ഏറ്റവും അവസാനം അവൾ ചോദിച്ച ചോദ്യം കേട്ട് പവിത്രയുടെ കൺട്രോൾ പോയി.
” ഡേവിച്ചായനും പവിത്രയും നല്ല ചേർച്ചയാ അല്ലേ അപ്പച്ചി…. ”

” ദേ അനാവശ്യം പറഞ്ഞാൽ നിന്റെ നാക്ക് ഞാൻ അരിഞ്ഞെടുക്കും കേട്ടോ രമ്യേ ”
കറിക്ക് അരിഞ്ഞു കൊണ്ടിരുന്ന കത്തി രമ്യയ്ക്ക് നേരെ ഓങ്ങി കൊണ്ടവൾ പറഞ്ഞു.

” ഞാൻ ഒരു തമാശ പറഞ്ഞതല്ലേ… അല്ലേലും ഡേവിച്ചായന്റെ ഗ്ലാമറിന് നീ അത്ര പോരാ പവിത്രേ ”
രമ്യ ചിരിയടക്കി കൊണ്ട് പറഞ്ഞു.

” ഇനി ഒരക്ഷരം ഡേവിഡിനെ കുറിച് നീ ഇവിടെ മിണ്ടിയാൽ ഉണ്ടല്ലോ ”
അവൾ അരിശത്തോടെ മുറിയിലേക്ക് പോയി.

” നിനക്ക് എന്താടി പെണ്ണേ അവളെ വെറുതെ ദേഷ്യം പിടിപ്പിച്ചു. കണ്ടോ അവൾ മുറിയിൽ പോയത്…. ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഇഷ്ടപ്പെട്ടില്ലേ ഉടനെ മുറിയിലേക്ക് പോകും. ഏത് നേരവും ആ മുറിയിൽ തന്നെ ”

പവിത്ര ഇട്ടിട്ടു പോയതിന്റെ ബാക്കി അരിഞ്ഞു കൊണ്ടിരുന്ന രമ്യയോട് പത്മം പരിഭവം പോലെ പറഞ്ഞു.

” എന്റെ അപ്പച്ചി ഞാൻ തമാശക്ക് പറഞ്ഞതല്ലേ…
അതുപോട്ടെ അപ്പച്ചിക്ക് ഇഷ്ടമാണോ ഡേവിച്ചായനെ ”

” മ്മ് നല്ല പയ്യനാ… ”

” നമ്മുടെ പവിത്രക്ക് ചേരില്ലേ ”
രമ്യയുടെ ചോദ്യം കേട്ട് അമ്പരപ്പോടെ അവർ അവളെ നോക്കി.

” നീ കാര്യമായിട്ട് ചോദിക്കുവാണോ പെണ്ണേ ”

” അതെ അപ്പച്ചി… അതോ ഈ മതം വേറേ ആയതുകൊണ്ടുള്ള ഇഷ്ടക്കേട് എന്തേലും ഉണ്ടോ ”

” അങ്ങനൊന്നും ഇല്ല മോളെ… എന്റെ കുട്ടിയെ സംരക്ഷിക്കാൻ കഴിവുള്ള അവളെ സ്നേഹിക്കാൻ മനസ്സുള്ള ഒരു ചെറുക്കൻ ആയാൽ മതിയെന്നേ ഉള്ളു. ഡേവിഡ് അങ്ങനുള്ള ആളാണ്. പക്ഷേ ഇവിടുത്തെ ഹിറ്റ്ലർ ദീദിക്ക് ആരെയും പിടിക്കില്ലല്ലോ ”
പത്മം സങ്കടത്തോടെ പറഞ്ഞു.

” എല്ലാം നടക്കേണ്ട സമയത്ത് നടക്കും… അപ്പച്ചി വിഷമിക്കണ്ട.. ”
രമ്യ പത്മത്തെ ആശ്വസിപ്പിച്ചു.

വൈകിട്ട് അമ്പലത്തിൽ നിന്നും തൊഴുത് ഇറങ്ങുമ്പോൾ ആണ് തന്റെ അരികിലൂടെ പ്രദിക്ഷണം വെക്കുന്ന ആളെ സൗമ്യ ശ്രദ്ധിച്ചത്.

” ഇത് അവൻ അല്ലേ പവിത്രേച്ചി വഴക്ക് പറഞ്ഞു ഓടിച്ചവൻ…അതെ അവൻ തന്നെ ”
അവൻ ഇറങ്ങുന്നത് വരെ അവൾ നോക്കി നിന്നു.

” ഹലോ ഇവിടെ പവിത്രേച്ചി ഇല്ലാത്തത് കൊണ്ട് സമാധാനമായി തൊഴാൻ പറ്റി അല്ലേ ”
അവൾ ചിരിയോടെ അവനോട് ചോദിച്ചു
അവൻ ആകട്ടെ ഗൗരവത്തോടെ അമ്പലത്തിനു പുറത്തേക്ക് നടന്നു. സൗമ്യ അവന്റെ പുറകെ ഓടി ചെന്നു.

” അതേ ഒന്ന് നിന്നേ… ഇയാളും പവിത്രേച്ചിയും തമ്മിൽ എന്താ ബന്ധം. എന്തിനാ പവിത്രേച്ചി തന്നോട് ദേഷ്യപ്പെട്ടത് ”
ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ട് അവൻ അവളെ രൂക്ഷമായി നോക്കി.

” ഇയാൾ കൂടുതൽ നോക്കി പേടിപ്പിക്കുവൊന്നും വേണ്ടാ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞിട്ട് പോയാൽ മതി. ”
അമ്പലപ്പാലത്തിൽ ഇരിക്കുന്ന ഡേവിഡിനെ കണ്ട ധൈര്യത്തിൽ സൗമ്യ അവന്റെ മുന്നിൽ പിടിച്ചു നിന്നു.

” ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെടി ”
അവൻ അവളുടെ മുൻപിൽ കൈ കെട്ടി നിന്നു കൊണ്ട് ചോദിച്ചു.

” തന്നെ കൊണ്ട് ഞാൻ പറയിപ്പിച്ചോളാം കേട്ടോടൊ ”
അവൾ ധൃതിയിൽ ചെരിപ്പ് ഇട്ടിട്ട് ഡേവിഡിന്റെ അടുത്തേക്ക് ചെന്നു.

” ആരാ സൗമ്യ മോളെ ആ ചെക്കൻ നിന്റെ ലൈൻ ആണോ ”
സൗമ്യ അടുത്ത് വന്നത് കണ്ട് ഡേവിഡ് ചോദിച്ചു.

” പിന്നെ ലൈൻ… ഇവനെ ആണ് അന്ന് പവിത്രേച്ചി ഫയർ ചെയ്ത് ഓടിച്ചത്… അവനോട് കാര്യം തിരക്കി ചെന്നപ്പോൾ എന്നെ അവൻ നോക്കി പേടിപ്പിക്കുന്നു ”

” ഓഹോ അതാണോ ലവൻ… നിന്നേ പേടിപ്പിച്ചോ എങ്കിൽ അവനെ ഒന്ന് വിരട്ടണമല്ലോ ”

” വേണം ഡേവിച്ചായാ നമ്മുക്ക് അവനെ നല്ലപോലെ വിരട്ടണം ”
സൗമ്യ ആവേശത്തോടെ അവിടെ നിന്നു.

” അതിന് നീ എന്തിനാ നിൽക്കുന്നെ ”

” അല്ല വിരട്ടണ്ടേ… ”

” അത് ഞാൻ ചെയ്തോളാം… നിന്ന് താളം ചവിട്ടാതെ വീട്ടിൽ പോടീ.. നേരം സന്ധ്യ ആയി. ”

ഡേവിഡിന്റെ ഉച്ചത്തിലുള്ള താക്കീത് കേട്ടതും സൗമ്യ തിരിഞ്ഞു നടന്നു. കുറച്ചു നടന്നിട്ട് അവൾ തിരിഞ്ഞു നോക്കി. ബൈക്കിൽ പാലത്തിലേക്ക് കയറിയ ആ പയ്യനെ ഡേവിഡ് തടഞ്ഞു നിർത്തുന്നത് കണ്ട് അവൾ അവിടെ നിന്നു.
അത് ഡേവിഡ് കണ്ടു. കൈ കൊണ്ട് പോകാൻ എന്ന് അവളെ കാണിച്ചു.

രാത്രിയിൽ അത്താഴം കഴിക്കാൻ ഡേവിഡിനെ കണ്ടില്ല. പത്മം ഫോൺ വിളിച്ചപ്പോൾ ആണ് അവൻ അവിടെ ഇല്ല എന്നു അവർ അറിഞ്ഞത്. കൂടുതൽ ഒന്നും പറയാതെ അവൻ ഫോൺ കട്ട്‌ ആക്കി.
പിറ്റേന്ന് ഉച്ച ആയപ്പോൾ പവിത്രയെ കാണാൻ ആ ചെറുപ്പക്കാരൻ വീണ്ടും വന്നു.

” നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ മുന്നിൽ വരരുതെന്ന് ”
പവിത്ര ദേഷ്യത്തോടെ ചോദിച്ചു.

” പവിത്രേച്ചി ഒരു തവണ വന്നൂടെ എന്റെ കൂടെ.. പിന്നെ വരണമെന്ന് ഞാൻ പറയില്ല ”

” സാധ്യമല്ല ആദർശ് ഞാൻ വരില്ല എവിടേക്കും ”
പവിത്ര വാശിയോടെ പറഞ്ഞു

” അച്ഛനെ കാണാൻ ഒന്ന് പൊയ്ക്കൂടേ തനിക്ക്.. ”
അവർക്ക് അരികിലേക്ക് വന്ന ഡേവിഡ് ചോദിച്ചു.
അവനെ കണ്ട് പവിത്ര ഒന്ന് പകച്ചു. പിന്നെ ആദർശിനെ നോക്കി.

” അപ്പോൾ കഥകളെല്ലാം നീ ഇയാൾക്ക് മുൻപിൽ വിളമ്പി അല്ലേ….
എങ്കിൽ കേട്ടോ മിസ്റ്റർ ഡേവിഡ് മരിക്കാറായി കിടക്കുന്ന സ്വന്തം അച്ഛനെ കാണാൻ പോകാൻ പവിത്ര തയാറല്ല. അതിനായി എന്റെ അർധസഹോദരൻ ആദർശും അവന്റെ ഒപ്പം നിങ്ങളും എന്നെ കാണാൻ വരേണ്ടതില്ല ”

പവിത്ര ഉറച്ച സ്വരത്തോടെ തന്റെ തീരുമാനം അവരെ അറിയിച്ചു.

( തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

Share this story