World

സൂയസ് ഉൾക്കടലിൽ എണ്ണ ബാർജ് മുങ്ങി; നാല് മരണം: നാല് പേരെ കാണാതായി

കെയ്റോ: ഈജിപ്തിലെ സൂയസ് ഉൾക്കടലിൽ എണ്ണ ബാർജ് മുങ്ങി നാല് പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തതായി ഈജിപ്ത് സർക്കാർ അറിയിച്ചു. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. “ആദം മറൈൻ 12” എന്ന ബാർജാണ് ചൊവ്വാഴ്ച രാത്രി ജബൽ എൽ-സൈറ്റ് മേഖലയിൽ വെച്ച് മുങ്ങിയത്.

‘ഓഫ്‌ഷോർ ഷുഖൈർ ഓയിൽ കമ്പനി’യുടെ (OSOCO) ഉടമസ്ഥതയിലുള്ള ഈ ബാർജ് പുതിയ പ്രവർത്തന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 

മരിച്ചവരുടെ മൃതദേഹങ്ങൾ ചെങ്കടൽ തീരത്തുള്ള ഹുർഗാദ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ നാല് പേരെ വിമാനമാർഗ്ഗം അടിയന്തര ചികിത്സയ്ക്കായി മാറ്റുകയും, മറ്റ് 18 പേരെ ആംബുലൻസിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കാണാതായവർക്കായി ഈജിപ്ഷ്യൻ നാവികസേനയുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണെന്ന് റെഡ് സീ പ്രവിശ്യാ ഗവർണർ അംർ ഹനാഫി അറിയിച്ചു.

പെട്രോളിയം, തൊഴിൽ മന്ത്രിമാർ അപകടസ്ഥലം സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തു. സൂയസ് കനാലിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ തെക്കായാണ് അപകടം നടന്നതെങ്കിലും, കനാലിലെ കപ്പൽ ഗതാഗതത്തെ ഇത് ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!